തിരയുടെ താളത്തില്‍ കടലിലൂടെ ഒഴുകി നടക്കാം; ബേപ്പൂര്‍ ബീച്ചിലെ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു


 

 

 

 

 

ബേപ്പൂര്‍: ബേപ്പൂര്‍ പുലിമുട്ട് മറീന ബീച്ചിലെ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി ബ്രിഡ്ജിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതെന്ന് നടത്തിപ്പുകാര്‍ അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച കടല്‍ തിരമാലകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കാവുന്ന പാലത്തില്‍ കയറുന്നതിനായി തുടക്കം മുതല്‍ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. സാധാരണ ദിവസങ്ങളില്‍ മുന്നൂറിലേറെപ്പേരും അവധി ദിനങ്ങളില്‍ 500 പേരും എത്തുന്നുണ്ട്. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ ഇനി ഒന്നര മാസത്തോളം എല്ലാ ദിവസവും നല്ല തിരക്കായിരിക്കും. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പാലത്തിനൊപ്പം കരയിലും കടലിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Also Read- പേരാമ്പ്ര, മേപ്പയ്യൂര്‍ മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

100 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള പാലം ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീൻ ബ്ലോക്കുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം 500 പേർക്ക് ഈ പാലത്തിലൂടെ യാത്രചെയ്യാനാകും. നിലവിൽ ലൈഫ് ജാക്കറ്റ് ധരിച്ച 50 പേർക്ക് മാത്രമേ ഈ പാലത്തിലൂടെ സഞ്ചാരത്തിന് അനുമതി നൽകിയിട്ടുള്ളു. പാലത്തിൻ്റെ അറ്റത്തായി കടലിലേക്ക് നീണ്ടുകിടക്കുന്ന 15 മീറ്റർ വീതിയുള്ള പ്ലാറ്റ്‌ഫോമും സ്ഥാപിച്ചിട്ടുണ്ട്.