ഇനി പോളിഷ് ചെയ്‌തെടുത്ത അരിക്ക് അല്‍പ്പം വിശ്രമം നല്‍കാം; അമിതവണ്ണവും മാനസിക പിരിമുറുക്കം കുറയ്ക്കാനും ഭക്ഷ്യ വിഭവങ്ങളില്‍ കുത്തരി ചേര്‍ക്കാം, അറിയാം കുത്തരിയുടെ ഗുണങ്ങള്‍


മലയാളികളുടെ പ്രധാന ഭക്ഷണമാണ് ചോറ്. പണ്ടു കാലങ്ങളില്‍ ഇതിനായി ഉപയോഗിച്ചിരുന്നത് കുത്തരി അഥവാ തവിടുകളയാത്ത അരിയാണ്. തവിടുകളയാത്ത അരി ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരുപാട് ഗുണങ്ങള്‍ ഉള്ളതുകൊണ്ടു തന്നെയാണ് ഈ അരിയെ ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ന് തവിടുകളഞ്ഞ് പോളിഷ് ചെയ്ത് കിട്ടുന്ന വെള്ളരി പല വീടുകളുടെയും അടുക്കളയിലെ ഒന്നാം സ്ഥാനക്കാരനായി മാറിയിരിക്കുകയാണ്. അതേ സമയം പ്രമേഹ രോഗികള്‍ക്ക് ഈ വെള്ളരി തന്നെയാണ് വില്ലനാവുന്നത്.

പ്രമേഹ രോഗികള്‍ അരി ഭക്ഷണം കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും പ്രമേഹം കൂടുകയും ചെയ്യുന്നു. കുത്തരിയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കുന്നു. അമിതവണ്ണമുള്ളവരും അരി ആഹാരങ്ങളെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. കാരണം സാധാരണ അരിയില്‍ അടങ്ങിയിട്ടുള്ള കലോറി ശരീര ഭാരം വര്‍ദ്ധിപ്പിക്കുകയും വണ്ണം കൂടാന്‍ കാരണമാവുകയും ചെയ്യുന്നു.

വിശപ്പ് വര്‍ദ്ധിക്കുന്നതും അമിതാഹാരം കഴിക്കുന്നതും നിയന്ത്രിക്കാന്‍ സാധാരണ അരിക്ക് സാധ്യമല്ല. എന്നാല്‍ കുത്തരിയില്‍ അടങ്ങിയിട്ടുള്ള ഫെറൂലിക് ആസിഡും പി കൊമാരിക് ആസിഡും അമിതവണ്ണത്തെ തടയുന്നു. മാത്രമല്ല ഈ ആസിഡുകള്‍ കാന്‍സറിനെ തടയുകയും ബാക്ടീരിയ പോലുള്ള അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇന്നു പൊതുവായി എല്ലാവരിലും വരുന്ന ഒന്നാണ് കൃത്യമായ ശോദന ഇല്ലായ്മ. വെള്ളം കുടിക്കുന്നതിന്റെ കുറവും നാരുകളടങ്ങിയ ഭക്ഷണത്തിന്റെ കുറവും ഇതിനുള്ള പ്രധാന കാരണങ്ങളാണ്.

കുത്തരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ ശോദനയെ സഹായിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന മറ്റൊരു പ്രധാന രോഗമാണ് അനീമിയ. ഭക്ഷണത്തില്‍ നിന്നും ലഭിക്കേണ്ട ഫോളിക് ആസിഡിന്റെയും അയേണിന്റേയും കുറവുമൂലമാണ് ഇതുണ്ടാകുന്നത്. കുത്തരിയില്‍ ഫോളിക് ആസിഡും അയേണും ആവശ്യാനുസരണം അടങ്ങിയതുകൊണ്ട് രക്തത്തിന്റെ അളവ് നിയന്ത്രിക്കുകയും അനീമിയയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

സിങ്ക്, സെലീനിയം, മഗ്‌നീഷ്യം തുടങ്ങിയ ഇമ്മ്യൂണിന്റെ വര്‍ദ്ധിപ്പിക്കാന്‍ വേണ്ട മൂലകങ്ങളും കുത്തരിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. പാന്‍ക്രിയാസ് ഗ്രന്ഥികളിലെ ഇന്‍സുലിന്റെ അളവ് കൂട്ടാനുമം കുത്തരി സഹായിക്കുന്നു. നിയാസിന്‍, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി9, സോഡിയം, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉറക്കക്കുറവും മാനസിക പിരിമുറുക്കങ്ങളും കുറക്കാനും കുത്തരി സഹായിക്കുന്നു.