ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഓര്‍മയില്‍ വിശ്വാസികള്‍; ഇന്ന് ബലി പെരുന്നാള്‍


കൊയിലാണ്ടി: ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹീം നബി തീരുമാനിച്ച ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവ സന്ദേശമുണ്ടാകുകയായിരുന്നു. ഈ ഓർമ്മയിലാണ് മൃഗങ്ങളെ ബലി അറുക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിന്റെ അടിസ്ഥാന ശിലകളിലൊന്നായ വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് ഇസ്ലാം മതവിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഈദ് നമസ്കാരത്തിന് ശേഷമാണ് വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കുക. പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി പെരുന്നാള്‍ ആഘോഷത്തിന്‍റെ നിറവിലേക്ക് കടക്കും.