”പാറക്കടവില്‍വെച്ച് നടക്കുന്ന ഈ പണപ്പയറ്റ് കത്ത് നിങ്ങളെ അതിശയിപ്പിക്കും, തീര്‍ച്ച”; ബീഹാറിലെ പൂര്‍വ്വീ ചമ്പാരന്‍ സ്വദേശിയായ മുഹമ്മദ് പേരാമ്പ്രയിലെ പാലേരിക്കാരനായ കഥയുണ്ട് ഈ കത്തിന് പിന്നില്‍


പാലേരി: ”പാലേരി-പാറക്കടവില്‍വെച്ച് കഴിക്കുനന പണപ്പയറ്റിന് താങ്കളെ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.” എന്ന് മുഹമ്മദ് ബീഹാര്‍, മുണ്ടിയോടന്‍ വീട്ടില്‍. ഈ പയറ്റുകത്ത് കണ്ട് അതിശയം തോന്നുന്നുണ്ടോ? ബീഹാര്‍ സ്വദേശിക്ക് എങ്ങനെ ഇവിടെ പാലേരിയില്‍ പണപ്പയറ്റായി എന്നാലോചിക്കുന്നുണ്ടോ? എന്തായാലും പാലേരിക്കാര്‍ക്ക് ഈ അതിശയമുണ്ടാവില്ല. ഇക്കാലത്തിനിടെ മുഹമ്മദ് ബീഹാര്‍ ബീഹാറിയാണ് എന്നകാര്യം തന്നെ അവര്‍ മറന്നതുപോലെയാണ്. അത്രത്തോളം പാലേരിക്കാരനായി മാറിയിട്ടുണ്ട് മുഹമ്മദ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

19 വര്‍ഷം മുമ്പാണ് ജോലി തേടി മുഹമ്മദ് ബീഹാറിലെ പൂര്‍വ്വീ ചമ്പാരനില്‍ നിന്നും കേരളത്തിലെത്തിയത്. തന്റെ യൗവ്വനകാലത്ത്, വിവാഹിതനാകും മുമ്പ്. ഇവിടെ ഇന്‍ഡസ്ട്രിയല്‍ ജോലിയായിരുന്നു. പോകപ്പോകെ ഈനാടും ഇവിടുത്തുകാരെയും ഇഷ്ടമായപ്പോള്‍ ഇവിടുത്തന്നെ കൂടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനിടെ തൗഫീക്ക ജീവിതസഖിയായി കൂടെക്കൂടി. ഇന്ന് അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കളുമുണ്ട് ഇവര്‍ക്കൊപ്പം. മൂത്തമകള്‍ വീടിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിക്കുന്നത്.

2019ലാണ് പാലേരി പാറക്കടവില്‍ മുണ്ടിയോടന്‍ വീട്ടില്‍ വീടുവെച്ച് താമസിച്ചത്. ഇവിടെ പണംപയറ്റ് രീതിയൊന്നും തന്റെ നാട്ടിലില്ലയെന്നും ഇവിടെ വന്നാണ് നാട്ടുകാരില്‍ പരിചിതര്‍ക്ക് പയറ്റി തുടങ്ങിയതെന്നും മുഹമ്മദ് പറയുന്നു. ഇനി തന്റെ നാട് ഇതാണെന്നും കുടുംബവുമായി ഇനിയുള്ള ജീവിതം ഇവിടുത്തുകാരനായി ജീവിച്ചുതീര്‍ക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.