വയനാട്ടില്‍ തേന്‍ ശേഖരിക്കാന്‍ ഭാര്യക്കൊപ്പം കാട്ടില്‍ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം; ഗുരുതര പരിക്ക്


മാനന്തവാടി: വയനാട്ടില്‍ കരടിയുടെ ആക്രമണം. കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ യുവാവിന് നേരയാണ് ആക്രമണം. ചെതലയം പൊകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

സൂരക്കുടി കോളനിയ്ക്കു സമീപം ബുധനാഴ്ച രാവിലെ 11-മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. ഭാര്യ ബിന്ദുവിനൊപ്പം കാട്ടിലെത്തിയ രാജനു നേരെ കരടി ചാടി വീഴുകയായിരുന്നു. രാജന്റെ പുറത്തും കഴുത്തിനും കരടി മാന്തുകയും കടിക്കുകയും ചെയ്തു. രാജനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.