ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ്; തുറമുഖത്ത് കാഴ്ച വിരുന്നൊരുക്കി ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും
കോഴിക്കോട്: സന്ദര്‍ശകര്‍ക്ക് കാഴ്ചവിരുന്നായി ബേപ്പൂര്‍ തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കബ്രയും കോസ്റ്റ്ഗാര്‍ഡിന്റെ ഐസിജിഎസ് അനഘും. നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര ഫെസ്റ്റിലെത്തുന്ന കുട്ടികളും മുതിര്‍ന്നവരും ഒരേ ആവേശത്തിലാണ് കപ്പലില്‍ കയറി കാര്യങ്ങള്‍ ചോദിച്ചറിയുന്നതും സെല്‍ഫി എടുക്കുന്നതും.
തീരദേശ പെട്രോളിംഗിനും സുരക്ഷക്കുമായി ഉപയോഗിക്കുന്ന കപ്പലായ കോസ്റ്റ്ഗാര്‍ഡിന്റെ അനഘ് ആദ്യമായാണ് ബേപ്പൂര്‍ ഫെസ്റ്റില്‍ എത്തുന്നത്. ഐഎന്‍എസ് കബ്ര മൂന്നാം തവണയാണ് ഫെസ്റ്റിന്റെ ഭാഗമാകുന്നത്.
കമാന്റന്റ് ജിജി എഎല്‍എച്ച് പൈലറ്റ് ആഷിഷ് സിങ്ങാണ് അനഘിന്റെ കമാന്‍ഡിങ് ഓഫീസര്‍. എസ്.ആര്‍ ജി തോക്കാണ് ഇതിലെ പ്രധാന ആകര്‍ഷണം. 20-25 നോട്ടിക്കല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന കപ്പലാണിത്.
ആദ്യ ദിവസം ഉച്ചയോടെത്തന്നെ കപ്പലില്‍ കയറി കാഴ്ചകള്‍ കാണാന്‍ നിരവധി പേരാണ് എത്തിയത്. അത്യാധുനിക സ്റ്റെബിലൈസ്ഡ് റിമോട്ട് കണ്‍ട്രോള്‍ ഗണ്‍ (എസ്ആര്‍സിജി) ഉള്‍പ്പെടെ വിവിധ തരം തോക്കുകള്‍, മറ്റു സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ കപ്പലില്‍ മനോഹരമായി അണിനിരത്തിയിട്ടുണ്ട്. കപ്പലില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളെക്കുറിച്ചും മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ വായിച്ചും കേട്ടും കണ്ടും മനസ്സിലാക്കാം. ഫെസ്റ്റ് ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സന്ദര്‍ശന സമയം. രണ്ട് കപ്പലുകളിലും പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.
തീരദേശ സുരക്ഷ ശക്തമാക്കുവാനായി നിര്‍മ്മിച്ച വാട്ടര്‍ജെറ്റ് ഫാസ്റ്റ് അറ്റാക്കിംഗ് കപ്പലായ കബ്രയിലെ പ്രധാന ആകര്‍ഷണം സിആര്‍എന്‍ തോക്കാണ്. 60 നോട്ടിക്കല്‍ വേഗതയില്‍ ഈ കപ്പലിന് സഞ്ചരിക്കാന്‍ കഴിയും. ലെഫ്റ്റനന്റ് കമാന്റന്റ് സിദ്ധാന്ത് വാങ്കഡെയാണ് ഷിപ്പ് കമാന്‍ഡിങ് ഓഫീസര്‍. കപ്പല്‍ കാഴ്ചകള്‍ക്കു പുറമെ കേരളാ പോലീസിന്റെയും നേവിയുടെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്തുണ്ട്.