ഇന്ത്യന്‍ റെയില്‍വേ ബാസ്‌കറ്റ് ബോള്‍താരം ബിഹാറില്‍ മരിച്ച നിലയില്‍; മരിച്ചത് കുറ്റ്യാടി സ്വദേശിനി, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു


കുറ്റ്യാടി: ഇന്ത്യന്‍ റെയില്‍വേ ബാസ്‌കറ്റ് ബോള്‍ താരം ബിഹാറിലെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍. കുറ്റ്യാടി പാതിരിപ്പറ്റയിലെ കത്തിയണപ്പന്‍ ചാലില്‍ കരുണന്റെ മകള്‍ ലിത്താര (22)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


പതിവുപോലെ ചൊവ്വാഴ്ച രാവിലെ വീട്ടുകാര്‍ ലിത്താരയെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഫ്‌ലാറ്റ് ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഫ്‌ലാറ്റ് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയില്‍ ആയതിനാല്‍ ഉടമ പോലീസില്‍ അറിയിക്കുകയും പോലീസ് വന്നു തുറന്നു നോക്കിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കളും, നാട്ടുകാരും ബിഹാറില്‍ എത്തിയിട്ടുണ്ട്.


മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നതെന്ന് രാജീവ് നഗര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഇന്‍ചാര്‍ജ് ശംഭു ശങ്കര്‍ സിംഗ് അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ലിത്താരയെ ആദരിച്ചിരുന്നു. മൃതദേഹം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.


വട്ടോളി നാഷണല്‍ എച്ച്.എസ്.എസില്‍ നിന്ന് ഏഴാം ക്ലാസ് പഠനത്തിനുശേഷം പത്തുവരെ കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലും പ്ലസ് ടു തൃശൂരിലുമാണ് ലിത്താര പൂര്‍ത്തിയാക്കിയത്. പിന്നീട് റെയില്‍വേയുടെ താരമായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.


പട്‌ന ദാനപൂരിലെ ഡി.ആര്‍.എം ഓഫീസില്‍ ജോലിചെയ്യുന്ന ലിത്താര വിഷുവിന് നാട്ടില്‍ വന്ന് മടങ്ങിയതാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.

[bot1]