ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സ്വർണ്ണ തട്ടിപ്പുകേസ്; പ്രതി മുൻ ബാങ്ക് മാനേജർ തെലുങ്കാനയിൽ പിടിയിൽ


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. ബാങ്ക് മുൻ മാനേജർ മധു ജയകുമാർ ആണ് പിടിയിലായത്. തെലങ്കാനയിൽ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധു ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടിട്ടുണ്ട്.

വൻ സ്വർണ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. വടകര സിഐയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 42 അക്കൗണ്ടുകളിലായി പണയം വെച്ച 26.24 കിലോ സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തിയിരുന്നു. മുൻ മാനേജറായ മധു ജയകുമാർ ഇത് തട്ടിയെടുത്ത് മുങ്ങിയതെന്ന് കണ്ടെത്തി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

കഴിഞ്ഞ മാസം ബാങ്കിൽ ഉണ്ടായ സ്ഥലംമാറ്റമാണ് തട്ടിപ്പ് പൊളിയാൻ കാരണം. പുതുതായെത്തിയ മാനേജർ നടത്തിയ റീ അപ്രൈസല്‍ നടപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉടൻ ബാങ്ക് ഹെഡ് ഓഫീസിലും പൊലീസിലും വിവരം അറിയിച്ചു. അപ്പോഴേക്കും ഫോണ്‍ സ്വിച്ച്‌ ഓഫാക്കി പ്രതി മുങ്ങിയിരുന്നു.

അന്വേഷണം ശക്തമാക്കുന്നതിൻ്റെ ഭാഗമായി കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു വടകര ഡി.വൈ.എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വടകര സി.ഐ എൻ.സുനില്‍ കുമാർ, മൂന്ന് സബ് ഇൻസ്പെക്ടർമാർ, എ.എസ്.ഐമാർ എന്നിവരുള്‍പ്പെടെ 10 അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്.

കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്ക് ഓഫിസിൽ എത്തി പരിശോധന നടത്തും. ബാങ്ക് രജിസ്റ്ററുകളാണ് അന്വേഷണ സംഘം പരിശോധിക്കുക. കേസ് അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ചു സംഘം ആദ്യമായാണ് ബാങ്കിൽ നേരിട്ട് എത്തുന്നത്.