വനിതകളെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്താന്‍ സാമ്പത്തിക സഹായം; മൂടാടായില്‍ ബാങ്ക് ലോണ്‍ വിതരണം ചെയ്തു


മൂടാടി: പഞ്ചായത്തിലെ 2021-22 ജനകീയ ആസൂത്രപദ്ധതിയുടെ ഭാഗമായി വനിത ഗ്രൂപ്പ് സംരഭകര്‍ക്കുള്ള ബാങ്ക് ലോണ്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.

ഇ-സേവന കേന്ദ്രങ്ങള്‍, ജൈവ വള നിര്‍മ്മാണം, തയ്യല്‍, മിനി ഓയില്‍ മില്‍, സ്റ്റേഷനറി, എല്‍.ഇ.ഡി ലൈറ്റ് നിര്‍മാണ യൂണിറ്റുകള്‍, ഫയല്‍ പാഡ് ഓഫീസ് എന്നിവയ്ക്കാണ് ലോണ്‍ അനുവദിക്കുന്നത്. വിവിധ ഗ്രൂപ്പുകളിലായി 50 ഓളം സ്ത്രീകള്‍ സംരഭകരായുണ്ട്. രണ്ട് ലക്ഷം രൂപ വരെയാണ് ഓരോ യൂണിറ്റിനും ഗ്രാമ പഞ്ചായത്ത് സബ്‌സിഡി ധനസഹായമായി നല്‍കുന്നത്.

വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷതയും വഹിച്ചു. സെക്രട്ടറി ഗിരിഷ്, കേരള ഗ്രാമീണ ബാങ്ക് നന്തി ശാഖ മാനേജര്‍ രശ്മി, വി.ഇ.ഒ ബൈജു എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അഖില എം.പി. സ്വാഗതവും .സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ശ്രീലത നന്ദിയും പറഞ്ഞു.