ഈ മാസം ഇനി വരാനിരിക്കുന്നത് ഒമ്പത് ബാങ്ക് അവധി ദിനങ്ങള്‍; ഇടപാടുകാര്‍ അറിയാന്‍


വടകര: ഒന്നിനുപിറകേ ഒന്നായി ഏപ്രില്‍മാസം വരാനിരിക്കുന്നത് ഒമ്പത് ബാങ്ക് അവധി ദിനങ്ങളാണ്. അത്യാവശ്യത്തിനുള്ള ബാങ്ക് ഇടപാടുകള്‍ പോലും വിചാരിച്ചപോലെ നടത്താന്‍ കഴിയാതെ അവതാളത്തിലാകാന്‍ ഇടയുണ്ട്.

പല അവധികളും അടുപ്പിച്ച് വെള്ളി, ശനി ദിവസങ്ങളിലായി വരുന്നത് കൊണ്ട് രണ്ടുമൂന്ന് ദിവസത്തെ ബാങ്ക് ഇടപാടുകളുടെ കാര്യവും ബുദ്ധിമുട്ടിലാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ അവസ്ഥ മുന്നില്‍ കണ്ടുകൊണ്ട് അവധി ദിവസങ്ങള്‍ നേരത്തേ മനസ്സിലാക്കി മുന്നോട്ട് പോവുന്നതാണ് നല്ലത്.

ഏപ്രിൽ 7ദുഃഖ വെള്ളിയാഴ്ചയും ഏപ്രിൽ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രിൽ 9 ആവട്ടെ ഞായറാഴ്ചയുമാണ്. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് ഉണ്ടായിരിക്കില്ല.

അടുത്ത ആഴ്ച ഏപ്രിൽ 14ന് വെള്ളിയാഴ്ച അംബേദ്കർ ജയന്തിയും ശനിയാഴ്ച ഏപ്രിൽ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങൾ ബാങ്ക് അവധിയായിരിക്കും.

തൊട്ടടുത്ത ആഴ്ച ഏപ്രിൽ 21ന് ഈദുൽ ഫിത്തർ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 22 ശനിയും ഏപ്രിൽ 23 ഞായറും കൂടി ബാങ്ക് അവധിയായിരിക്കും. പിന്നീട് വരുന്ന ഏപ്രിൽ 30 ഞായറാഴ്ചയും പതിവ് പോലെ ബാങ്ക് അവധിയാണ്.

ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട് അവധിദിനങ്ങള്‍ക്ക് മുമ്പേ ജാഗ്രതയോടെ എടുത്ത് വെക്കാവുന്ന മുന്‍കരുതലുകള്‍ ഈ സമയങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമായിരിക്കും.