വീണ്ടും അക്കൗണ്ട് ഫ്രീസിങ്: ഭക്ഷണം കഴിച്ച ശേഷം ജയ്പൂര്‍ സ്വദേശി ഗൂഗിള്‍ പേ വഴി പണം അയച്ചു, പിന്നാലെ അക്കൗണ്ട് മരവിപ്പിച്ചു; ദുരിതത്തിലായി താമരശ്ശേരി ചുങ്കത്തെ തട്ടുകട ഉടമ
താമരശ്ശേരി: ഭക്ഷണം കഴിച്ച ശേഷം ഗൂഗിള്‍ പേ വഴി പണം അയച്ചതിന് പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. താമരശ്ശേരി ചുങ്കത്തെ ദുബായ് തട്ടുകട ഉടമയുടെ അക്കൗണ്ടാണ് ബാങ്ക് മരവിപ്പിച്ചത്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി 263 രൂപ യു.പി.ഐ മുഖേനെ ട്രാന്‍സ്ഫര്‍ ചെയ്തതിന് പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിച്ചത്. ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മല്‍ സാജിറിനാണ് ദുരനുഭവം ഉണ്ടായത്.
രാജസ്ഥാനിലെ ജയ്പൂരിലുള്ള ജവഹര്‍ നഗര്‍ സര്‍ക്കിള്‍ പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് ആ്ക്‌സിസ് ബാങ്ക് നല്‍കുന്ന വിശദീകരണം. കടയിലെ ദൈനംദിന കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പണം ഉള്ള അക്കൗണ്ടാണ് മരവിക്കപ്പെട്ടത് എന്ന് കടയുടമ പറഞ്ഞു.
പതിമൂന്ന് ലക്ഷം രൂപ വെട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് പണം കൈമാറിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് പൊലീസ് നടപടിയെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ബാങ്കിന് സൈബര്‍ സെല്‍ പൊലീസ് (എന്‍.സി.ആര്‍.പി) നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നും ജയ്പൂരിലെ ജവഹര്‍ നഗര്‍ സര്‍ക്കിള്‍ എസ്.എച്ച്.ഒയെ ബന്ധപ്പെടണമെന്നും ബാങ്ക് അക്കൗണ്ട് ഉടമയെ അറിയിച്ചിട്ടുണ്ട്.
സമാനമായ രീതിയില്‍ നേരത്തെയും പലരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധമുയരുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി നീക്കുകയായിരുന്നു.