വേണമെങ്കില്‍ വാഴ പാതിയിലും കുലയ്ക്കും; കൗതുകമായി പന്തലായനി സ്വദേശിയുടെ വീട്ടിലെ വാഴക്കുല


വാഴയും വാഴപ്പഴങ്ങളും വാഴകൃഷിയും മലയാളികള്‍ സാധാരണയായി കാണുന്നതാണ്. കൊയിലാണ്ടിയിലെ കാര്യം പറയുകയാണെങ്കില്‍ വീട്ടില്‍ മറ്റൊന്നും കൃഷി ചെയ്യുന്നില്ലെങ്കിലും ഒരു വാഴയെങ്കിലും ഇല്ലാത്ത വീടുകള്‍ വളരെ കുറവാണ്. നേന്ത്രന്‍, റോബസ്റ്റ്, കദളി, ഞാലിപ്പൂവന്‍ എന്നിങ്ങനെ നിരവധി വാഴകളുമുണ്ട്.

ഇക്കാലത്തിനിടെ കായകളുടെ എണ്ണത്തിന്റെ പേരില്‍ അതിശയിപ്പിച്ച ചില വാഴകളുണ്ട്. അത്തരം ചില വാര്‍ത്തകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഇതുപോലെ അത്ഭുതപ്പെടുത്തിയ ഒരു വാഴക്കുലയെക്കുറിച്ചാണ് പറയുന്നത്. അതും കൊയിലാണ്ടി നഗരത്തിന് തൊട്ടടുത്ത് പന്തലായനിയിലെ ഒരു വീട്ടുവളപ്പിലുണ്ടായ വാഴക്കുല.

സാധാരണ വാഴ കുലയ്ക്കാറുള്ളത് ഏറ്റുവും മുകള്‍ഭാഗത്തല്ലേ, എന്നാല്‍ ഇവിടെ വാഴ പകുതിവെച്ചാണ് കുലച്ചിരിക്കുന്നത്. പന്തലായനി സ്വദേശി മാക്കണ്ടാരി വിനോദന്റെ വീട്ടിലാണ് ഈ അത്ഭുത വാഴക്കുലയുള്ളത്.

പാതിക്കുവെച്ച് കുലച്ചെന്ന് കരുതി ചെറിയ കുലയാണെന്ന് ധരിക്കേണ്ട. അത്യാവശ്യത്തിന് വലുപ്പമുള്ള കുല തന്നെയാണ്. വിനോദനും കുടുംബത്തിനും മാത്രമല്ല, പ്രദേശവാസികള്‍ക്കെല്ലാം അത്ഭുതമാണ് ഈ വാഴ.