ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ; പെയർ ട്രോളിംഗ് കർശനമായി നിരോധിച്ചു


കോഴിക്കോട്: ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 ന് അർധരാത്രി 12ന് തുടങ്ങുന്നതിനാൽ ഈ കാലയളവിൽ രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് അഥവാ ഡബിൾ നെറ്റ് കർശനമായി നിരോധിച്ചതായി ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കലക്ടറേറ്റിൽ മത്സ്യത്തൊഴിലാളികൾക്കായി വിളിച്ചുചേർത്ത യോഗം വ്യക്തമാക്കി.

യന്ത്രവൽകൃത ബോട്ടുകൾ ഒന്നും തന്നെ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ജൂൺ 9 അർധരാത്രി 12 ന് മുൻപ് എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഹാർബറിൽ പ്രവേശിക്കണം.

കേരളതീരത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന അന്യസംസ്ഥാന ബോട്ടുകൾ ജൂൺ 9ന് മുമ്പ് തീരം വിട്ടു പോകണം. ഇന്‍ബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളം മാത്രമേ മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ പാടുള്ളൂ. തീവ്രതയേറിയ പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചുള്ളതോ മറ്റു നിരോധിത മാർഗ്ഗങ്ങളിലൂടെയുള്ളതോ ആയ മത്സ്യബന്ധനം പാടില്ല. നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധനസാമഗ്രികൾ ഒഴിച്ചുള്ള യാതൊന്നും യാനങ്ങളിൽ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനോ പാടില്ലെന്നും യോഗം അറിയിച്ചു.

ട്രോളിംഗ് സമയത്ത് ഹാർബറിൽ കരയ്ക്കടുപ്പിച്ച ബോട്ടുകളിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷണം പോകാറുണ്ടെന്നും ബോട്ടുകൾക്ക് കാവൽ ഏർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. ഹാർബറിലെ കുടിവെള്ള പ്രശ്നം, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കണമെന്നും ആവശ്യമുയർന്നു.

52 ദിവസത്തെ ട്രോളിംഗ് ജൂലൈ 31 അർധരാത്രി 12 മണിവരെയാണ്.

യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ സജീദ് എസ്, ഡി സി പി അനൂജ് പലിവാൾ, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സുനീർ വി, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ഫോൺ നമ്പറുകൾ

ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ: 0495-2414074.
കൺട്രോൾ റൂം: 9496007052

ട്രോളിംഗ് കാലത്ത് മത്സ്യതൊഴിലാളികൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ

🔹മത്സ്യബന്ധനത്തിന് ഏർപ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങൾ, കുടിവെള്ളം, ഇന്ധനം എന്നിവ കരുതണം. മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രം മത്സ്യബന്ധനത്തിന് പുറപ്പെടുക

🔹അടയാള കൊടിയും ലൈറ്റും ഇല്ലാതെ യാനങ്ങൾ മത്സ്യബന്ധനത്തിന് പോകരുത്

🔹ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന യാനങ്ങൾ ഗ്രൂപ്പുകളായി പോകുന്നതാണ് ഉചിതം. ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്ന സാഹചര്യം ഒഴിവാക്കണം

🔹വാർത്താവിനിമയ നാവിഗേഷൻ ഉപകരണങ്ങൾ (ജി പി എസ്, വയർലെസ്) എന്നിവ യാനത്തിൽ കരുതണം

🔹കോസ്റ്റ് ഗാർഡ്, നേവി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ ആവശ്യാനുസരണം ബന്ധപ്പെടുകയും പ്രധാനപ്പെട്ട നിർദ്ദേശങ്ങളും നമ്പറുകളും എഴുതി സൂക്ഷിക്കുകയും വേണം

🔹എല്ലാ മത്സ്യബന്ധന യാനങ്ങളും ഫിഷറീസ് വകുപ്പിൽ നിയമാനുസൃതം രജിസ്റ്റർ ചെയ്യുകയും ലൈസൻസ് പുതുക്കുകയും അംഗീകൃത കളർ കോഡിങ് ചെയ്യേണ്ടതുമാണ്

🔹നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ നിയമനടപടികൾ കൈക്കൊള്ളും.