കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരമുണ്ടാക്കാനും വേദിയൊരുങ്ങുന്നു; ഒക്ടോബര്‍ രണ്ടിന് കൊയിലാണ്ടിയില്‍ ബാലസദസ്സ്, ആര്‍.പിമാര്‍ക്ക് പരിശീലനം തുടങ്ങി


കൊയിലാണ്ടി: കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറയാനും പരിഹാരം കാണാനുമുള്ള വേദി കൊയിലാണ്ടിയില്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ നഗരസഭയിലെ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ ബാലസദസ്സ് സംഘടിപ്പിക്കുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും തുറന്നുപറയാനും കടമകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അവരെ ബോധവാന്മാരാക്കാനുമുള്ള വേദിയായി ഇത് മാറ്റാനാണ് ലക്ഷ്യമിടുന്നത്.

കുട്ടികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അപ്പോള്‍ തന്നെ പരിഹരിക്കാവുന്നതാണെങ്കില്‍ അവിടെവെച്ചും സര്‍ക്കാര്‍ തലത്തിലോ മറ്റോ പരിഹരിക്കാവുന്നത് ആ രീതിയിലും പരിഹരിക്കാനുള്ള സംവിധാനം ബാലസദസ്സിന്റെ ഭാഗമായുണ്ടാകും. ബാലസദസ്സിന് മുന്നോടിയായി പരിപാടിയില്‍ പങ്കെടുക്കുന്ന സി.ഡി.എസ് റിസോഴ്‌സ് പേഴ്‌സണുകള്‍ക്ക് പരിശീലനം നല്‍കി. പരിശീലന പരിപാടിയുടെ ഉദ്ഘടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കേപാട്ട് നിര്‍വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു അധ്യക്ഷനായി. നോര്‍ത്ത് സി.ഡി.എസ് ചെയര്‌പേഴ്‌സണ്‍ എം.പി ഇന്ദുലേഖ സ്വാഗതവും സൗത്ത് സി.ഡി.എസ് ചെയര്‌പേഴ്‌സണ്‍ വിബിന.കെ.കെ നന്ദിയും പറഞ്ഞു.

ജില്ലാമിഷന്‍ ബ്ലോക്ക് കോ -ഓര്‍ഡിനേറ്റര്‍ രശ്മിശ്രീ, ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍ ഷിംജിത്, സി.ഡി.എസ് ആര്‍.പിമാരായ സന്തോഷ് ഫാത്തിമ ഉപസമിതി കണ്‍വീനര്‍മാരായ ഗിരിജ ശ്രീകല എന്നിവര്‍ സംസാരിച്ചു.

 

Summary: balasadas in koyilandy