മൈലാഞ്ചി മൊഞ്ചും ഇശല്‍ സായാഹ്നവും; ബക്രീദ് ആഘോഷമാക്കി പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 


പയ്യോളി: ആഘോഷ ദിവസങ്ങള്‍ ചങ്ങാതിമാര്‍ക്കൊപ്പം ചേര്‍ന്ന് ആഹ്ലാദപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെ പയ്യോളി തിക്കോടിയന്‍ സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മെഹന്തി ഫെസ്റ്റും ‘ഖയാല്‍ – 2023’ ഇശല്‍ സായാഹ്നവും സംഘടിപ്പിച്ചു.

രാവിലെ സ്‌കൂള്‍ മിനി ഓഡിറ്റോറിയത്തില്‍ നടന്ന മൈലാഞ്ചിയണിയല്‍ മത്സരത്തില്‍ നൂറ്റമ്പതോളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. എല്ലാ വിദ്യാര്‍ഥിനികളും രണ്ട് കരങ്ങളിലും അറേബ്യന്‍, രാജസ്ഥാനി, ഇന്ത്യന്‍ ശൈലികളില്‍ മെഹന്തിയണിഞ്ഞ് ഫെസ്റ്റിനെ അക്ഷരാര്‍ഥത്തില്‍ ആഘോഷമാക്കി.

കാലത്ത് കുട്ടികള്‍ ചേര്‍ന്ന് പ്രധാനാധ്യാപകന്‍ മൂസക്കോയ മാസ്റ്റര്‍ക്ക് മൈലാഞ്ചിയണിയിച്ച് മത്സരത്തിന് തുടക്കം കുറിച്ചു. എല്ലാ ആഘോഷങ്ങളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ ബക്രീദിനോടനുബന്ധിച്ച് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. ഒരു മണിക്കൂറിനു ശേഷം വിവിധ ഡിസൈനുകളില്‍ സഹപാഠിയുടെ കയ്യില്‍ ഒരുക്കിയ മൈലാഞ്ചി ചിത്രം കുട്ടികളുടെ ക്രിയാത്മക വൈവിധ്യം വിളിച്ചറിയിച്ചു. ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്തിന്റെ നേതൃത്വത്തിലുള്ള വിധികര്‍ത്താക്കളാണ് മത്സരഫലം നിര്‍ണയിച്ചത്.

വൈകീട്ട് ഇ.കുഞ്ഞി മുഹമ്മദ്, പ്രേമന്‍ എ.ടി, പ്രദീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഇശല്‍ സായാഹ്നത്തില്‍ വിദ്യാലയത്തിലെ സംഗീത വിഭാഗം സ്വര മ്യൂസിക് ബാന്റ് അവതരിപ്പിച്ച മുട്ടിപ്പാട്ട് മെഹന്ദി ഫെസ്റ്റിന് ആവേശം പകര്‍ന്നു. കുട്ടികള്‍ക്കൊപ്പം അധ്യാപകരായ രാജേഷ്, സുമേഷ് എന്നിവരും വിദ്യാര്‍ഥികള്‍ക്കൊപ്പം ഇശലുകള്‍ആലപിച്ചു. മെഹന്ദി ഫെസ്റ്റ് കണ്‍വീനര്‍ സുഫൈന, നിഷ.പി, ആബിദ.എം, അനിത യുകെ, പ്രിയ, അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.പിടിഎ പ്രസിഡണ്ട് ബിജു കളത്തില്‍ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.