ഇനി അയ്യപ്പ ഭക്തന്മാർക്ക് കൊല്ലം പിഷാരികാവിൽ വിരിവെയ്ക്കാം, ഭക്ഷണം കഴിക്കാം, വിശ്രമിക്കാം; അയ്യപ്പ സേവാകേന്ദ്രം ഭക്തർക്കായി തുറന്നു


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം അയ്യപ്പ സേവാകേന്ദ്രം ഭക്തർക്കായി തുറന്നു. മണ്ഡലകാലത്ത് കൊല്ലം പിഷാരികാവില്‍ അയപ്പഭക്തന്മാര്‍ക്ക് വര്‍ഷങ്ങളായി നല്‍കിക്കൊണ്ടിരുന്ന വിരവെയ്ക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങള്‍ ആണ് വീണ്ടും ഒരുക്കിയത്. കൊല്ലം ചിറയ്ക്ക് സമീപം തുടങ്ങിയ അയ്യപ്പസേവാകേന്ദ്രം ട്രസ്റ്റി ബോർഡ് ചെയർമാൻ വാഴയിൽ ബാലൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനും വിരിവെക്കാനുമുള്ള സൗകര്യവും, അന്നദാനവും അയ്യപ്പസേവാകേന്ദ്രത്തിൽ ഏർപ്പെടുത്തിയാതായി ബോർഡ് അംഗങ്ങൾ പറഞ്ഞു. കൊല്ലം ചിറയ്ക്ക് സമീപം നേരത്തെ കൊല്ലം എല്‍.പി സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും സ്ഥലവും ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത് അവിടെയാണ് അയ്യപ്പന്മാര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. മണ്ഡലകാലം മുതല്‍ മകരവിളക്കുവരെ കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളായി ഈ സൗകര്യം ട്രസ്റ്റ് ബോര്‍ഡ് മുന്‍കൈയെടുത്ത് ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ഇത്തവണ മണ്ഡലകാലം ആരംഭിച്ചിട്ടും അയ്യപ്പ ഭക്തന്മാര്‍ക്ക് സൗകര്യം ഒരുക്കി നല്‍കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ സൗകര്യങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തി നല്‍കാന്‍ ട്രസ്റ്റി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

സ്ഥലപരിമിതി കാരണമാണ് ഇത്തവണ അയ്യപ്പ ഭക്തന്മാര്‍ക്ക് വിരവെക്കാനും മറ്റും സൗകര്യം ഇതുവരെ ഏര്‍പ്പെടുത്താതിരുന്നതെന്നാണ് ട്രസ്റ്റി ബോര്‍ഡിന്റെ വിശദീകരണം. മുന്‍പ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നിടത്ത് പരിമിതമായ സ്ഥലം മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും അവിടെ തന്നെ കുറച്ചുകൂടി സ്ഥലം ഉപയോഗപ്പെടുത്തിയാണ് ഇത്തവണ വിശ്രമകേന്ദ്രം തയ്യാറാക്കിയത്.

ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം കൊണ്ടുവന്ന കോവിഡ് കാലത്ത് ഒഴിച്ചുനിര്‍ത്തിയാല്‍ മുന്‍വര്‍ഷങ്ങളിലെല്ലാം നല്ല രീതിയില്‍ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി വിരവെക്കാന്‍ പരിമിതമായ സൗകര്യം ഏര്‍പ്പാടാക്കുക മാത്രമായിരുന്നു ചെയ്തത്. ഇതിനെതിരെ ഭക്തര്‍ക്കിടയില്‍ നിന്നും വലിയ തോതില്‍ പ്രതിഷേധം ഉയർന്നിരുന്നു. മണ്ഡലകാലം മുതല്‍ മകരവിളക്ക് വരെ അയ്യപ്പ ഭക്തന്മാര്‍ക്ക് നല്‍കിയിരുന്ന ഈ സൗകര്യങ്ങള്‍ ഇത്തവണ ഏര്‍പ്പെടുത്താത്തത് ക്ഷേത്ര ഭക്തജന സമിതിയുടെ പ്രതിഷേധം ട്രസ്റ്റി ബോര്‍ഡിനെ അറിയിച്ചിരുന്നതായി ഭക്തജനസമിതി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ മരളൂര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.