അന്ന് ആയിഷ ഉമ്മ, ഇന്ന് രാജീവൻ, ഊരള്ളൂരിലെ വയലിൽ മരണങ്ങൾ തുടർക്കഥ; നടുക്കം മാറാതെ നാട്


കൊയിലാണ്ടി: വർഷങ്ങൾക്കിപ്പുറം ഊരള്ളൂരിലെ വയലിൽ വീണ്ടുമൊരു മൃതദേഹം, കത്തിക്കരിഞ്ഞ നിലയിൽ. ആയിഷ ഉമ്മയുടെ കൊലപാതകത്തിന്റെ ഞെട്ടൽ മാറുംമുമ്പെ വീണ്ടുമൊരു അസ്വാഭാവിക മരണം, അതാണ് രാജീവന്റെ മരണം ഊരള്ളൂർകാർക്ക് സമ്മാനിച്ചത്. 2017-ലാണ് ഊരള്ളൂരിലെ വയലിൽ ആയിഷ ഉമ്മ എന്ന വയോധികയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്. പോലീസ് അന്വേഷണത്തിൽ ബലാത്സംഘത്തിന് പിന്നാലെ കൊന്നു തള്ളിയതാണെന്ന് കണ്ടെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. ഊരള്ളൂരിലെ മറ്റൊരു വയലിലാണ് കത്തിക്കരിഞ്ഞ നിലയിൽ പെയന്റിങ് തൊഴിലാളിയായ രാജീവന്റെ മൃതദേഹാവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തുന്നത്.

രാജീവന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് വ്യക്തമായിട്ടില്ലെങ്കിലും ലഹരി മാഫിയയുടെ താവളമായ പ്രദേശമായതിനാൽ കൊലപാതക സാധ്യത നാട്ടുകാർ ആരോപിക്കുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ വയലിന്റെ പലഭാ​ഗങ്ങളിൽ നിന്നും കണ്ടെത്തിയത് മരണം കൊലപാതകമോ എന്ന സംശയത്തിന് ആക്കം കൂട്ടുന്നു. എന്നാൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

മരണങ്ങൾ തുടർകഥയാകുമ്പോൾ…

2017 അവസാന മാസത്തിലാണ് ഊരള്ളൂരിലെ ആയിഷ ഉമ്മയെന്ന വയോധികയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയത്. വീട്ടിലേക്ക് തിരികെ എത്താതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൊട്ടടുത്ത ദിവസമാണ് ആയിഷ ഉമ്മയുടെ മൃതദേഹം നാട്ടുകാർ വയലിൽ കണ്ടെത്തിയത്. വർഷങ്ങളായി മദ്യപ സംഘത്തിന്റെ താവളമായതിനാൽ ഇവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. എന്നാൽ പ്രതികളെ പിടികൂടാൻ സാധിക്കാത്തതിനാൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. പീന്നീട് ടവർ ലൊക്കോഷൻ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികളിലേക്ക് പോലീസ് എത്തുന്നത്.

പ്രായപൂർത്തിയാവാത്ത യുവാവ് വയോധികയെ ബലാത്സംഘം ചെയ്ത് ശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്ക് മൃതദേഹം വയലിലേക്ക് വലിച്ചുകൊണ്ടുപോയി തെളിവ് നശിപ്പിക്കാൻ അച്ഛനും കൂട്ടുനിന്നു. ഇരുവരും അധികംതാമസിയാതെ പോലീസ് പിടിയിലായി. ഇപ്പോഴത്തെ തൊട്ടിൽപ്പാലം പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണനായിരുന്നു അന്ന് കേസ് അന്വഷിച്ചത്. ഈ കേസിന്റെ വിചാരണ കോഴിക്കോട് മാറാട് സെഷൻസ് കോടതിയിൽ ഉടൻ ആരംഭിക്കുമെന്ന് എസ്.ഐ പറഞ്ഞു.

RELATED NEWS- ഊരള്ളൂരിലെ രാജീവന്റെ മരണം: മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും, കേസിൽ നിർണായകം

ഊരള്ളൂരിലെ മറ്റൊരു വയലിലാണ് ഇന്നലെ വീണ്ടുമൊരു മൃതദേഹം കത്തിക്കരിഞ്ഞ് അഴുകിയ നിലയിൽ കാണപ്പെട്ടത്. രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ എന്താണ് കാര്യമെന്ന് അന്വേഷിച്ച് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മനുഷ്യന്റെ കാല്‍ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി ഡ്രോണ്‍ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്റെ ബാക്കി അവശിഷ്ടങ്ങളും കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജീവനെ കുറച്ച് ദിവസമായി കാണാനില്ലാത്തത് വയലിൽ കണ്ടെത്തിയ മൃതദേഹം രാജീവന്റേതാകാമെന്ന സംശയം ബലപ്പെടുത്തി. രാജീവന്റെ വസ്ത്രത്തിന്റെ ചെറിയ ഭാഗങ്ങളില്‍ നിന്നുമാണ് മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞത്. കൂടാതെ ഭാര്യ മൃതദേഹം രാജീവന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. 

ആള്‍ത്താമസമില്ലാത്ത വീടിനടുള്ള വിശാലമായ ഈ വയല്‍ പ്രദേശം മദ്യപാനികളുടെയും ലഹരി ഉപയോ​ഗിക്കുന്നവരുടെയും വിഹാര കേന്ദ്രമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ ആളുകള്‍ ആരും വന്നിരുന്നില്ലെന്നത് സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നു. രാജീവന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് വ്യക്തമായിട്ടില്ലെങ്കിലും ലഹരി മാഫിയയുടെ താവളമായ പ്രദേശമായതിനാൽ കൊലപാതക സാധ്യതയും തള്ളിക്കളയാനാകില്ല.

ALSO READ- ഊരള്ളൂരിനെ നടുക്കിയ ഞായറാഴ്ച; പെയിന്റിങ് തൊഴിലാളി രാജീവന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ നാട്, രാവിലെ മുതൽ നടന്ന സംഭവങ്ങൾ ഇങ്ങനെ

ഊരള്ളൂരിലേത് കൊലപാതകമാണോ എന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ പറയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. രാജീവന്‍റേത് കൊലപാതകമാണോ, ആത്മഹത്യയാണോ എന്ന അന്വേഷണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് നിർണായകമാകും. അതേസമയം മരിച്ച രാജീവന്റെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും.