എലിപ്പനി, ഡെങ്കിപ്പനി രോഗങ്ങളിൽ നിന്ന് വേണം അതീവജാഗ്രത; മൂടാടിയിൽ ബോധവൽക്കരണവും രോഗ നിർണ്ണയ ക്യാമ്പും; അറിയാം ജാഗ്രത നിർദ്ദേശങ്ങൾ


മൂടാടി: സംസ്ഥാനത്ത് എലിപ്പനി മരണം 14 ആയി ഉയർന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് മൂടാടി കുടുംബാരോഗ്യ കേന്ദ്രം. മൂടാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ എലിപ്പനി, ഡങ്കിപ്പനി രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും, ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പും നടത്തി.

വാർഡ് മെമ്പർ രജുലയുടെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷമേജ്, സിസ്റ്റർ ജിഷ, ആഷാവർക്കർ ബേബി എന്നിവർ പങ്കെടുത്തു. അംഗനവാടി ടീച്ചർ രജുല സ്വാഗതവും പറഞ്ഞു. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

എലിപ്പനി വരുന്നതെങ്ങനെ?

എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

പ്രധാന രോഗ ലക്ഷണങ്ങൾ:

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാവുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം.

പ്രതിരോധം പ്രധാനം:

മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
· വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.

· കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല.

· എലിപ്പനി പ്രതിരോധത്തിനായി മലിനജലവുമായി സമ്പര്‍ക്കം വരുന്ന കാലയളവില്‍ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) കഴിച്ചിരിക്കേണ്ടതാണ്.