പുരസ്‌കാര പ്രഭയില്‍ കീഴരിയൂര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകള്‍; അംഗീകാരം തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പുരോഗതിക്ക്


കീഴരിയൂര്‍: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പുരോഗതി കൈവരിച്ച ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കീഴരിയൂര്‍ പഞ്ചായത്തും. മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ആരംഭിച്ച പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ശതമാനത്തിനാണ് കീഴരയൂര്‍ ഗ്രാമപഞ്ചായത്തിന് അംഗീകാരം ലഭിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എ.ഗീതയില്‍ നിന്നും കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച പേരാമ്പ്ര ഗ്രാപഞ്ചായത്തും ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ കോട്ടൂര്‍ ഗ്രാമപഞ്ചായത്തും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കിയ മണിയൂര്‍ ഗ്രാമപഞ്ചായത്തും പുരസ്‌കാരം ഏറ്റുവാങ്ങി. തൊഴില്‍ കാര്‍ഡ് ലഭിച്ച എസ്.സി /എസ് ടി കുടുംബങ്ങളുടെ ശതമാനത്തില്‍ ആനുപാതികമായി തൊഴില്‍ ലഭ്യമായ പേരാമ്പ്ര ബ്ലോക്കും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വസ്തു വിനിയോഗത്തിലെ പുരോഗതിക്ക് പേരാമ്പ്ര ബ്ലോക്കും ഏറ്റവും കൂടുതല്‍ ശരാശരി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച കായക്കൊടി പഞ്ചായത്തും അവാര്‍ഡുകള്‍ സ്വീകരിച്ചു.

ഏറ്റവും കൂടുതല്‍ 200 ദിവസം തൊഴില്‍ ലഭ്യമാക്കിയ കുടുംബങ്ങളുടെ ശതമാനത്തില്‍ പേരാമ്പ്ര ബ്ലോക്കും, ആദ്യമായി 100 ദിവസം തൊഴില്‍ ദിനം പൂര്‍ത്തീകരിച്ചതിന് വടകര ബ്ലോക്കും, സുഭിക്ഷ കേരളം പദ്ധതിക്ക് ബാലുശ്ശേരി ബ്ലോക്കും കലക്ടറില്‍ നിന്നും അവാര്‍ഡുകള്‍ സ്വീകരിച്ചു.

വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, എ ഡി എം സി. മുഹമ്മദ് റഫീഖ്, എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പോഗ്രാം കോര്‍ഡിനേറ്റര്‍ റെജികുമാര്‍.കെ.കെ, എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ എഞ്ചിനീയര്‍ ആതിര.പി തുടങ്ങിയവര്‍ പങ്കെടുത്തു.