ആവള-ചെറുവണ്ണൂരുകാരുടെ ആശ്രയമായിരുന്ന ‘എ.കെ.ബി.ടി’ സര്‍വ്വീസ് നടത്തിയ റൂട്ടില്‍ ബസുവേണം; യാത്രാദുരിതത്തിന് പരിഹാരം വേണമെന്ന ആവശ്യമുയര്‍ത്തി നാട്ടുകാര്‍
മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവള ഭാഗത്തുനിന്നും അതിരാവിലെ കോഴിക്കോട്ടേക്ക് നേരിട്ടുള്ള ബസ് സര്‍വ്വീസ്, എന്നത് വര്‍ഷങ്ങളോളം ഈ പ്രദേശത്തുകാര്‍ക്ക് ഉപയോഗിച്ച ഒന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷമായി ഈ സര്‍വ്വീസ് നിലച്ചത് ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്ന സാധാരണക്കാരെ ദുരിതം സൃഷ്ടിച്ചിരിക്കുകയാണ്.
മുമ്പ് വര്‍ഷങ്ങളോളം ഇവിടെ സര്‍വ്വീസ് നടത്തിയിരുന്ന എ.കെ.ബി.ടിയെന്ന സ്വകാര്യ ബസ് നാട്ടുകാരെ സംബന്ധിച്ച് വലിയ അനുഗ്രഹമായിരുന്നു. രാവിലെ ആറുമണിയോടെ ആവളയില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച് പന്നിമുക്ക്, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍ വഴി കോഴിക്കോട്ടേക്ക് യാത്ര നടത്തിയിരുന്ന എ.കെ.ബി.ടി കോഴിക്കോട് ജോലിയാവശ്യത്തിനും മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലും ചികിത്സയ്ക്കായും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്കുമെല്ലാം യാത്ര ചെയ്യുന്ന ഒട്ടേറെയാളുകള്‍ക്ക് ആശ്രയമായിരുന്നു. കൃത്യമായി സര്‍വ്വീസ് നടത്തിയിരുന്നതുകൊണ്ടുതന്നെ നിരവധി പേര്‍ക്ക് സൗകര്യമായിരുന്നു ഈ ബസ്. കോവിഡ് കാലത്തിന് തൊട്ടുമുമ്പുവരെ സര്‍വ്വീസ് നടത്തിയിരുന്ന ഈ റൂട്ടില്‍ നിലവില്‍ നേരിട്ടുള്ള ബസ് സര്‍വ്വീസുകളൊന്നുമില്ല.
ആവള ഭാഗത്തുള്ളവര്‍ക്ക് കൊയിലാണ്ടിയിലേക്കും കോഴിക്കോടേക്കും യാത്ര ചെയ്യാന്‍ പേരാമ്പ്രയിലെത്തി അവിടെ നിന്നും മറ്റൊരു ബസിന് പോകേണ്ട സ്ഥിതിയാണ്. മേപ്പയ്യൂരിലേക്കാണെങ്കിലും പേരാമ്പ്രയിലെത്തി മറ്റൊരു ബസിനെ ആശ്രയിക്കണം. ആവളയില്‍ നിന്നും ചെറുവണ്ണൂര്‍ വഴി മേപ്പയ്യൂരിലേക്ക് എളുപ്പം എത്താമെന്നിരിക്കെയാണിത്. ഈ റൂട്ടിലാകട്ടെ നേരിട്ട് ബസുകളൊന്നുമില്ല. ചെറുവണ്ണൂരിലെത്തി ജീപ്പ് സര്‍വ്വീസിനെ ആശ്രയിക്കാമെന്നുകരുതിയാലും രാവിലെ ഇവിടെ ഏറെനേരെ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. ദിവസം യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളെയും ജോലിയാവശ്യത്തിനായി പോകുന്നവര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തിരക്കേറുന്ന രാവിലെയും വൈകുന്നേരങ്ങളിലും നാട്ടുകാരെ സംബന്ധിച്ച് യാത്ര ദുരിതമാണ്.
എ.കെ.ബി.ടി ഇടയ്ക്കാലത്ത് സര്‍വ്വീസ് നിര്‍ത്തിവെച്ച സമയത്ത് നിലവില്‍ മേപ്പയ്യൂര്‍ കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന സോജക്‌സ് എന്ന സ്വകാര്യ ബസ് പള്ളിയത്ത് മുതല്‍ കൊയിലാണ്ടിവരെ അഞ്ചോളം ട്രിപ്പുകള്‍ ഓടിയിരുന്നു. എന്നാല്‍ പിന്നീട് ഈ ബസ് മേപ്പയ്യൂരില്‍ നിന്നും പള്ളിയത്തേക്കും തിരിച്ചുമുള്ള റൂട്ട് അവസാനിപ്പിക്കുകയായിരുന്നു.
ആശുപത്രിയാവശ്യങ്ങള്‍ക്കും ജോലിയാവശ്യങ്ങള്‍ക്കുമൊക്കെയായി കോഴിക്കോട്, കൊയിലാണ്ടി, മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഈ റൂട്ടില്‍ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.