കൊയിലാണ്ടിയിലെ റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിന് ശാപമോക്ഷം നല്‍കി ഓട്ടോറിക്ഷാ തൊഴിലാളികള്‍; പൊട്ടിപ്പൊളിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കി (വീഡിയോ കാണാം)


കൊയിലാണ്ടി: റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്കുള്ള ലിങ്ക് റോഡ് ഗതാഗതയോഗ്യമാക്കി ഓട്ടോറിക്ഷാ തൊഴിലാളികള്‍. വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിട്ടും അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്ന റോഡാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ശരിയാക്കിയത്.

എല്ലാ വാതിലുകളിലും പലതവണ മുട്ടിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഈ റോഡ് കൂടുതലായി ഉപയോഗിക്കുന്ന റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെ റോഡ് നന്നാക്കാനായി രംഗത്തിറങ്ങിയത്. ലിങ്ക് റോഡിന്റെ തുടക്കത്തിലുള്ള റെയില്‍വേയുടെ കൈവശമുള്ള ഭാഗമാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഗതാഗതയോഗ്യമാക്കിയത്.

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് തങ്ങളുടെ ഒരു ദിവസത്തെ ഓട്ടം ഉപേക്ഷിച്ച് റോഡ് നന്നാക്കാനായി ഇറങ്ങിയത്. ലിങ്ക് റോഡ് ഗതാഗതയോഗ്യമായതോടെ ഓട്ടോറിക്ഷകള്‍ക്ക് മാത്രമല്ല ഇതുവഴി പോകുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇനി സുഗമമായി സഞ്ചരിക്കാന്‍ കഴിയും. കൂടാതെ സമീപത്തെ സ്‌കൂളുകളിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്റിലേക്കുമെല്ലാമുള്ള ആയിരക്കണക്കിന് കാല്‍നടയാത്രക്കാര്‍ക്കും സഞ്ചാരം സുഗമമാകും.

രാവിലെ 11 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നീണ്ട പ്രവര്‍ത്തനത്തിനൊടുവിലാണ് റോഡ് ഗതാഗതയോഗ്യമായത്. അനീഷ് അമ്പാടി, നിഷാദ് മരുതൂര്‍, രജീഷ് കളത്തില്‍, മനോജ് വിയ്യൂര്‍, ബാലന്‍ മാസ്റ്റര്‍, സുശീലന്‍, ബിജു നടുവത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വീഡിയോ കാണാം: