ഓട്ടോറിക്ഷകളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഫൈന്‍ ഈടാക്കുന്ന കൊയിലാണ്ടി ആര്‍.ടി ഓഫീസറുടെ നടപടിയില്‍ പ്രതിഷേധം; ആര്‍.ടി ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി ഓട്ടോ കോഡിനേഷന്‍ കമ്മിറ്റി


കൊയിലാണ്ടി: ആര്‍.ടി ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി ഓട്ടോ കോഡിനേഷന്‍ കമ്മിറ്റി. ഓട്ടോറിക്ഷകളെ വിഴിയില്‍ തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ ചോദ്യം ചെയ്ത് ഡ്രൈവറില്‍ നിന്ന് 3000 രൂപ ഫൈന്‍ കൊയിലാണ്ടി ആര്‍.ടി ഓഫീസര്‍ ഈടാക്കുന്നു എന്നാരോപിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.

കൊയിലാണ്ടി-മുത്താമ്പി തുടങ്ങിയ റൂട്ടുകളില്‍ ഓട്ടോറിക്ഷകള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നുവെന്നാരോപിച്ച് ബസ്സ് തൊഴിലാളികള്‍ നല്‍കിയ പരാതിയിലാണ് ഓട്ടോ തടഞ്ഞുനിര്‍ത്തി ഫൈന്‍ ഈടാക്കുന്നതെന്ന് ഓട്ടോ കോഡിനേഷന്‍ കമ്മിറ്റി അംഗം സമര പ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലായി നാല് ഓട്ടോ തടഞ്ഞു നിര്‍ത്തിയിരുന്നു. യാത്രക്കാരോട് ചോദ്യം ഉന്നയിക്കുകയും ഡ്രൈവറോട് 3000 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തിരുന്നു. തങ്ങള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നില്ലെന്നും ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്താറില്ലെന്നും ബസ്സുകളാണ് സ്റ്റോപ്പില്ലാത്ത ഇടങ്ങളില്‍ നിര്‍ത്തുകയും യാത്രക്കാരെ കയറ്റുകയും ചെയ്യുന്നതെന്ന് ഓട്ടോ കോഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. ഇത് സംബന്ധിച്ച് നേരത്തെ നിവേദനം നല്‍കിയിരുന്നു.

ഓട്ടോറിക്ഷാസമാന്തര സര്‍വ്വീസിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തം; കൊയിലാണ്ടിയില്‍ നിന്നും വിവിധ റൂട്ടിലോടുന്ന ബസ്സുകള്‍ ജനുവരി 7ന് സൂചനാ പണിമുടക്ക് നടത്തുന്നു

രാവിലെ 10 മണിക്ക് കൊയിലാണ്ടി ടൗണില്‍ നിന്നും ആരംഭിച്ച പ്രകടനത്തോടെ ആര്‍.ടി ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എ. സോമശേഖരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിഷാദ് മരുതുര്‍ സ്വാഗതവും കെ.റാഫിയുടെ അധ്യക്ഷതയും വഹിച്ചു. ഗോപി ഷെല്‍ട്ടര്‍, ബാബു മണമല്‍, കെ. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.