കൊയിലാണ്ടി ഡിവൈഡര്‍ അപകടക്കെണിയാവാന്‍ കാരണം വെളിച്ചക്കുറവ്; ലൈറ്റ് സ്ഥാപിക്കാനും ഡിവൈഡര്‍ മുന്നോട്ടേക്ക് നീട്ടാനും തീരുമാനിച്ചതായി അധികൃതര്‍
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് സമീപം ഡിവൈഡറില്‍ വാഹനങ്ങള്‍ ഇടിച്ചുള്ള അപകടങ്ങള്‍ക്ക് കാരണം വെളിച്ചക്കുറവും ഡിവൈഡര്‍ ഉണ്ടെന്ന് മനസിലാക്കാനുള്ള സിഗ്നല്‍ സംവിധാനം ഇല്ലാത്തതുമാണെന്ന് ഡ്രൈവര്‍മാര്‍. കൊയിലാണ്ടിയിലെ കോടതി പരിസരം കഴിഞ്ഞാല്‍ പിന്നെ മതിയായ സിഗ്നല്‍ സംവിധാനം ഇല്ലെന്നും ചെറിയൊരു വളവിലായതിനാല്‍ ഡിവൈഡര്‍ അത്രപെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ലെന്നും അതിനാലാണ് അപകടങ്ങളുണ്ടാകുന്നതെന്നും പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാര്‍ ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ഡിവൈഡറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തങ്ങള്‍ ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെയും ദേശീയ പാത അധികൃതരുടെയും ശ്രദ്ധയില്‍ പലതവണ കൊണ്ടുവന്നെങ്കിലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലെങ്കിലും സുരക്ഷാ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം, താലൂക്ക് ആശുപത്രിയ്ക്ക് മുന്‍പിലുള്ള ഡിവൈഡറിന്റെ കാര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വേണ്ടത്ര വെളിച്ചം ഇല്ലാത്തതാണ് അപകടകാരണമെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ ഇവിടെ ലൈറ്റ് സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ഡിവൈഡര്‍ അല്പം കൂടി മുമ്പോട്ടു നീട്ടിയാല്‍ അപകടസാധ്യത കുറയും. അടുത്ത ദിവസം തന്നെ ഡിവൈഡര്‍ നീട്ടാനുളള സാമഗ്രികള്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ട്രാഫിക് പൊലീസുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മേല്‍പ്പറഞ്ഞ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ദേശീയപാത എഞ്ചിനിയര്‍ ജാഫര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു സ്ഥിരീകരിച്ചു. വിസിബിലിറ്റി ഇല്ലാത്തതാണ് ഇവിടെ അപകടങ്ങള്‍ തുടരാന്‍ കാരണം. അതിനാല്‍ താലൂക്ക് ആശുപത്രിയുടെ മുമ്പില്‍ ഉടനെ തന്നെ മിനി മാസ് ലൈറ്റ് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.