സ്വർണ്ണക്കട്ടികൾ അരയിൽകെട്ടി കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമം; ഒന്നരക്കിലോ സ്വർണ്ണവുമായി കോഴിക്കോട് രണ്ട് പേർ പിടിയിൽ
കോഴിക്കോട്: അരയിൽ കെട്ടി കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്ര കുമാർ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
സ്വർണക്കട്ടികൾ തുണിയിൽ പൊതിഞ്ഞ് അരയിൽകെട്ടിയ നിലയിലായിരുന്നു. ശ്രീധർ ഒരു കിലോയും മഹേന്ദ്രകുമാർ അരക്കിലോയും സ്വർണമാണ് കടത്താൻ ശ്രമിച്ചത്. വിവിധ വിമാനത്താവളങ്ങളിലൂടെയെത്തുന്ന സ്വർണമിശ്രിതങ്ങൾ കട്ടികളാക്കി കോയമ്പത്തൂർ വഴി മധുരക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
കസ്റ്റംസ് അസി. കമീഷണർ ഷിനോയ് കെ.മാത്യു, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, കെ.കെ.പ്രവീൺ കുമാർ, എം.പ്രകാശ്, ഇൻസ്പെക്ടർമാരായ എം.പ്രതീഷ്, മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.