കീഴൂരില്‍വെച്ച് കാഴ്ചപരിമിതിയുള്ളയാളെ ആക്രമിച്ച് പണംതട്ടാന്‍ ശ്രമം; അയനിക്കാട് സ്വദേശിയ്‌ക്കെതിരെ കേസ്


പയ്യോളി: കീഴൂരില്‍വെച്ച് കാഴ്ച പരിമിതിയുള്ളയാളെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ അയനിക്കാട് സ്വദേശിയായ യുവാവിനെതിരെ കേസ്. കുന്നുംപറമ്പത്ത് അനൂപിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്.

ഇന്നലെ ഉച്ചയോടെ കീഴൂര്‍ യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കണ്ണൂര്‍ സ്വദേശിയായ റഫീക്കാണ് ആക്രമിക്കപ്പെട്ടത്. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കളക്ഷന്‍ റിസീവര്‍ ആയ റഫീഖ് റോഡരികിലൂടെ പോകുന്നതിനിടയില്‍ അനൂപ് ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും റഫീഖ് തടഞ്ഞപ്പോള്‍ ഉപദ്രവിക്കുകയുമായിരുന്നു.

റഫീഖിന്റെ ബാഗും പണവും നഷ്ടപ്പെട്ടിട്ടില്ല. നിലവിളികേട്ട് പരിസരവാസികള്‍ ഓടിയെത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.