ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തി ഡി.വൈ.എഫ്.ഐ നേതാവിന്റെ മുക്കത്തെ വീടിനുനേരെ കല്ലെറിഞ്ഞ സംഭവം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍
മുക്കം: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥിന്റെ മണാശ്ശേരിയിലെ വീടിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. മുത്താലം ചോലക്കുഴി രാതുല്‍ (23) ആണ് പൊലീസ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് ബൈക്കിലെത്തിയ ആക്രമി വീടിനുനേരെ ഒന്നിലേറെ തവണ കല്ലെറിഞ്ഞത്. ഈ സമയം വീടിന് മുന്നില്‍ ഇരുന്നിരുന്ന ദിപുവിന്റെ പിതാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കല്ലേറില്‍ ടൈല്‍സിനും വാതിലിനും ജനലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഈ സമയത്ത് മാതാപിതാക്കള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
കല്ലേറിനെത്തുടര്‍ന്ന് പിതാവ് ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. മുത്താലം അങ്ങാടിയില്‍ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള മീന്‍കടയിലേക്കും ഇയാള്‍ കല്ലെറിഞ്ഞു. മീന്‍കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് മുക്കം എസ്.ഐ ജിതേഷിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തിയ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിലുള്ള പ്രതിഷേധമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.