”കുപ്പിവെള്ളം വേണമെന്ന് പറഞ്ഞാണ് അവര്‍ വന്നത്, കഴുത്തില്‍ കത്തിവെച്ച് കൊന്ന് കളയും എന്നുപറഞ്ഞു” അരിക്കുളത്ത് കടയില്‍ നടന്ന അക്രമത്തെക്കുറിച്ച് കടയുടമ അമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


Advertisement

കൊയിലാണ്ടി: കുപ്പിവെള്ളം വേണമെന്ന് പറഞ്ഞ് കടയില്‍ വന്നവര്‍ കടയുടെ അടുത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് പിന്നിലെന്ന് അരിക്കുളത്തെ കടയുടമ അമ്മദ്. തന്റെ കഴുത്തില്‍ കത്തിവെച്ച് കൊന്ന് കളയും എന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

Advertisement

രാവിലെ എട്ടരയോടെ രണ്ട് കുപ്പി വെള്ളം ചോദിച്ചാണ് അവര്‍ മൂന്നുപേരും വന്നത്. കൂട്ടത്തില്‍ മേപ്പയ്യൂര്‍ നിടുംമ്പൊയില്‍ സ്വദേശിയായ ആളെ മാത്രമേ പരിചയമുള്ളൂ. വെള്ളം കൊടുത്തപ്പോള്‍ മൂന്നുപേരും കൂടെ കടയുടെ സൈഡിലെ ഇരുത്തിയില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി. ഇവിടെ നിന്ന് കുടിക്കേണ്ട, സ്‌കൂളും പള്ളിയുമൊക്കെ അടുത്തുള്ളതാണെന്ന് പറഞ്ഞതോടെ ഇവര്‍ കടയിലുണ്ടായിരുന്ന റോബസ്റ്റ് കുല വലിച്ചെറിഞ്ഞ് നശിപ്പിച്ചു.

Advertisement

‘അത് നശിപ്പിക്കല്ലേ എന്റെ കാശ് പോകും” എന്നു പറഞ്ഞതോടെ കടയിലെ ഭരണകളും മറ്റും നശിപ്പിക്കുകയും കുല ചെത്തുന്ന കത്തി എന്റെ കഴുത്തിന് നേരെ വെച്ച് കൊന്ന് കളയും എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഞാന്‍ തന്ത്രപരമായി കൈ തട്ടിമാറ്റുകയായിരുന്നു. ഈ സമയത്ത് കഴുത്തില്‍ ചെറിയ മുറിവേറ്റു. സ്‌കൂളിന് മുമ്പിലായിരുന്നതിനാല്‍ ഓടിയെത്തിയ കുട്ടികള്‍ ബഹളമുണ്ടാക്കിയതോടെയാണ് നാട്ടുകാര്‍ സ്ഥലത്തെത്തിയത്.

Advertisement

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അമ്മദ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം വീട്ടിലേക്ക് മടങ്ങി.