എ.ടി.എം, യു.പി.ഐ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യത; സൈബര്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി എന്‍.പി.സി.ഐ
ന്യൂഡല്‍ഹി: ചില ബാങ്കുകളുടെ യു.പി.ഐ, ഐ.എം.പി.എസ് സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് എന്‍.പി.സി.ഐ അറിയിച്ചു. നിരവധി ബാങ്കുകള്‍ക്ക് സെര്‍വര്‍ സേവനം നല്‍കുന്ന സി-എഡ്ജ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ നെറ്റ്‌വര്‍ക്കില്‍ റാന്‍സംവെയര്‍ ആക്രമണം കാരണമാണിത്.
ഇതുമൂലം ഒരുപാട് ആഘാതങ്ങള്‍ ഉണ്ടാകുന്നത് തടയാനായി സി-എഡ്ജ് ടെക്‌നോളജി സിസ്റ്റത്തെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്‍.സി.പി.ഐയുടെ സേവനങ്ങളില്‍ നിന്നാണ് കമ്പനിയെ ഒഴിവാക്കിയത്. എന്നാല്‍, ഈ സംവിധാനം ഉപയോഗിക്കുന്ന ബാങ്കുകളുടെ സേവനം തടസ്സപ്പെട്ടേക്കാം.
ഏതാണ്ട് 300 ഇന്ത്യന്‍ പ്രാദേശിക ബാങ്കുകളുടെ പെയ്‌മെന്റ് സംവിധാനം താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതിന് ഈ ആക്രമണം വഴിവെച്ചിട്ടുണ്ട്. ഈ ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് എ.ടി.എം, യു.പി.ഐ എന്നിവ ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല.
സി-എഡ്ജ് ടെക്‌നോളജിയുമായി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. എത്രയും പെട്ടെന്ന് ബാധിക്കപ്പെട്ട ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കുമെന്നും നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.