കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മതിലിടിഞ്ഞ് റോഡിലേക്ക്; കൊച്ചുമിടുക്കിയുടെ മനോധൈര്യത്തില്‍ വഴിമാറിയത് വലിയ അപകടം, ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം


കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ കെട്ടിടത്തിന്റെ മതില്‍ റോഡിലേക്ക് മറിഞ്ഞു വീണു. വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ടൗണിലെ മതിലാണ് ഇന്ന് രാവിലെ 9മണിയോടെ മറിഞ്ഞ് വീണത്.

മദ്രസ പഠനത്തിന് ശേഷം റോഡിന് സമീപത്ത് കൂടെ വിദ്യാര്‍ത്ഥികള്‍ നടന്നു പോവുകയായിരുന്നു. ആദ്യം രണ്ട് വിദ്യാര്‍ത്ഥികള്‍ നടന്ന് പോയതിന് ശേഷമായിരുന്നു അപകടം. ഒരു പെണ്‍കുട്ടി നടന്നുപോവുന്നതിനിടെ പെട്ടെന്ന് മതില്‍ ഇടിയുകയായിരുന്നു. എന്നാല്‍ മതില്‍ ചെറുതായി ചെരിഞ്ഞപ്പോള്‍ തന്നെ പെണ്‍കുട്ടി റോഡിന്റെ മറുവശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടി ഓടുന്നത് കണ്ട് പിന്നാലെയെത്തിയ കുട്ടികളും ഓടി മാറി.

ധൈര്യം സംഭരിച്ച് പെണ്‍കുട്ടി പെട്ടെന്ന് തന്നെ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. മാത്രമല്ല കുട്ടി ഓടുമ്പോള്‍ റോഡില്‍ മറ്റു വാഹനങ്ങള്‍ വരാതിരുന്നതും വലിയ ഭാഗ്യമായി.