നാട് കണ്ട പച്ചയായ മനുഷ്യ സ്‌നേഹി,നാട്ടുക്കാര്‍ക്ക് എന്തിനും സമീപിക്കാവുന്ന വ്യക്തി, കാരയാട് തണ്ടയില്‍ താഴെയില്‍ സ്വദേശി അഷറഫ് വാവുള്ളാട്ടിന്റെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി
നാട് കണ്ട പച്ചയായ മനുഷ്യ സ്‌നേഹി അതായിരുന്നു നാട്ടുകാര്‍ക്ക് അഷറഫ് വാവുള്ളാട്ട് എന്ന വ്യക്തി,അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം തണ്ടയില്‍ താഴെ ഗ്രാമത്തിന്റെ നൊമ്പരമായി. ദീര്‍ഘ കാലം ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം കൃഷിയിലേക്ക് തിരിഞ്ഞു. വളര്‍ത്തു മൃഗങ്ങളുടെയും അലങ്കാര പക്ഷികളുടെയും വര്‍ണ്ണാഭമായ ഒരു ലോകം തന്നെ അഷറഫിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും ദാനം ചെയ്യുക അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു.
ശനിയാഴ്ച രാവിലെയാണ് അഷ്റഫ് കുഴഞ്ഞു വീണത് . ഉടന്‍ തന്നെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണപ്പെടുന്നതിന്റെ തൊട്ടു മുന്‍പ് വരെ തണ്ടയില്‍ താഴെ അങ്ങാടിയില്‍ സജീവമായിരുന്ന അഷ്റഫ് മിനിറ്റുകള്‍ കഴിഞ്ഞു മരണപ്പെട്ടു എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അങ്ങാടിയിലെ നാട്ടുക്കാര്‍.
തണ്ടയില്‍ താഴെക്കാര്‍ക്ക് സര്‍വ്വ സമ്മതനായിരുന്നു അഷ്റഫ് , കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തില്‍ ഉണ്ടായിരുന്നു. ഒരു വലിയ സമ്പാദ്യത്തിന് ഉടമ അല്ലാതിരുന്നിട്ട് കൂടി അദ്ദേഹം പല ആളുകള്‍ക്കും പെട്ടിക്കട തുടങ്ങാനും ലോട്ടറി കച്ചവടം തുടങ്ങാനും വേണ്ട സഹായങ്ങള്‍ നല്‍കി.
മരണത്തിന് രണ്ടാഴ്ച മുമ്പ് തന്റെ കുടുംബക്കാരെ ഒന്നിച്ചിരുത്തി കുശലം പറഞ്ഞും, കളിച്ചു ചിരിച്ചും, തമാശകള്‍ പങ്ക് വെച്ചും എല്ലാവരെയുമൊരുമിച്ച് നിര്‍ത്തി ഫോട്ടോ എടുത്തും സന്തോഷ നിമിഷങ്ങള്‍ നല്‍കി . ഇനി ഒരു സംഗമത്തിന് ഞാനില്ലെന്ന് പറയാതെ പറഞ്ഞ് എല്ലാവരെയും മനസ്സ് നിറയെ കണ്ടുള്ള മടക്കം. ചില മുഖങ്ങള്‍ അങ്ങനെയാണ്, ജീവിതത്തിലെ നന്മയുടെ മൂല്യങ്ങള്‍ മുറുകെ പിടിച്ച ഇവര്‍ നമ്മുടെ ജീവിതത്തില്‍ ഓര്‍മ്മകളായി മായാതെ നിലനില്‍ക്കും. മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി മരണത്തില്‍ അനുശോചിച്ചു.
മുഹമ്മദ് ഫാഹിസ് ആണ് മകന്‍ .ഫര്‍സാന റെനീഷ് മകളാണ്.
Related News: കാരയാട് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ അഷ്റഫ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു