കിടിലന്‍ ഐഡിയ കൈയ്യിലുണ്ടോ ? ഡ്രീംവെസ്റ്റർ 2.0 പദ്ധതിയുമായി അസാപ് കേരളയും സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനും നിങ്ങളെ കാത്തിരിക്കുന്നു


കേരളത്തിലെ യുവ സംരംഭകരുടെ വളർച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (KSIDC) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റർ 2.0” പദ്ധതി സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശിൽപശാലകൾ, ഡിസൈൻ തിങ്കിങ് ശിൽപശാല, ഐഡിയത്തോൺ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളായാണ് നടപ്പാക്കുക.

ആദ്യ ഘട്ട ബോധവത്കരണ ശില്പശാലകൾ ഡിസംബർ മാസത്തിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു. അടുത്തഘട്ടമായി നടത്തപ്പെടുന്ന സംസ്ഥാനതല ഐഡിയത്തോൺ മത്സരത്തിനായി താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് 3 മുതൽ 5 പേര് അടങ്ങുന്ന ടീമുകളായി പേര് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് വേണ്ടി ശിൽപശാല സംഘടിപ്പിക്കും. ഈ വർക്ഷോപ്പിലൂടെ ഒരു ആശയത്തെ എങ്ങനെ വികസിപ്പിക്കാമെന്നും അവയെ ഒരു ബിസിനസ് ആയി മാറ്റാമെന്നുമുള്ള വിശദമായ പരിശീലനം ലഭിക്കും.

സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങൾക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ലഭ്യമാക്കാൻ ഉതകുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മികച്ച ആശയങ്ങൾ കൈവശമുള്ള പ്രീ ഫൈനൽ, ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് https://connect.asapkerala.gov.in/events/12582 എന്ന ലിങ്ക് വഴി ജനുവരി 25 വരെ അപേക്ഷിക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്.

Description: ASAP Kerala with Dreamvester 2.0 project to guide students towards entrepreneurship