തിക്കോടി ടൗണില്‍ അടിപ്പാതയെന്ന ആവശ്യം അംഗീകരിക്കാതെ പ്രവൃത്തി തുടങ്ങാന്‍ അനുവദിക്കില്ല; ദേശീയപാത പ്രവൃത്തി പുനരാരംഭിക്കാനിരിക്കെ പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രംഗത്ത്, പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയും സ്ത്രീകളടക്കമുള്ള പ്രദേശവാസികളും സമരരംഗത്ത്. പ്രദേശത്ത് ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി ഇന്ന് തുടങ്ങാനിരിക്കെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തിയത്.
പ്രദേശവാസികളെ സംബന്ധിച്ച് ഇത് ജീവന്‍മരണ പോരാട്ടമാണെന്നും പ്രദേശത്ത് അടിപ്പാതയെന്ന ആവശ്യം അംഗീകരിച്ചാലല്ലാതെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങാന്‍ അനുവദിക്കില്ലെന്നുമാണ് പ്രദേശത്തെ വാര്‍ഡ് മെമ്പറും ആക്ഷന്‍ കമ്മിറ്റിയംഗവുമായ ആര്‍.വിശ്വന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. തിക്കോടി ടൗണ്‍ എന്നത് അതിപുരാതനമായ ടൗണാണ്. ഇതിലൂടെയാണ് തിക്കോടി റെയില്‍വേ സ്‌റ്റേഷനിലേക്ക് അടക്കം പോകേണ്ടത്. ഈ ഭാഗത്തെ രണ്ടായി മുറിക്കുന്ന രീതിയിലാണ് നിലവില്‍ ദേശീയപാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. ടൗണിന്റെ ഇരുഭാഗങ്ങളെയും ബന്ധപ്പെടുത്തി അടിപ്പാത നിര്‍മ്മിക്കാതെ ദേശീയപാത നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരിക്കലും ദേശീയപാത വികസനത്തിന് എതിരായ സമരമല്ലെന്നും ദേശീയപാത വികസനം കാരണം ഈ പ്രദേശവാസികള്‍ക്കും വരുംതലമുറയ്ക്കും ഇനിയങ്ങോട്ട് പ്രയാസമുണ്ടാവാതിരിക്കാനാണ് ഈ സമരമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞദിവസവും ഇവിടെ പ്രവൃത്തി പുനരാരംഭിക്കുമെന്ന പ്രചരണത്തിനിടെ പ്രദേശവാസികള്‍ ഒത്തുകൂടി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Summary: As the national highway work is about to resume, women and children are protesting in Thikkodi