ടിക്കറ്റ് റിസര്‍വ് ചെയ്യാനാണെങ്കില്‍ ഇനി നേരെ നാലാം പ്ലാറ്റ്‌ഫോമിലേക്ക് വിട്ടോളൂ; നവീകരണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ റിസര്‍വേഷന്‍ സെന്റര്‍ മാറ്റി
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ 445.95 കോടി രൂപയുടെ നവീകരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിച്ചിരുന്ന ടിക്കറ്റ് റിസര്‍വേഷന്‍ ഓഫിസ് ഇന്നുമുതല്‍ നാലാം പ്ലാറ്റ്‌ഫോമിലേക്കു മാറും. നാലാം പ്ലാറ്റ്‌ഫോമില്‍ പാഴ്‌സല്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണു താല്‍ക്കാലികമായി റിസര്‍വേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുക. ഇന്നലെ വൈകിട്ടത്തോടെ ക്രമീകരണം പൂര്‍ത്തിയാക്കി.
അണ്‍റിസര്‍വ്ഡ് ടിക്കറ്റ് വിതരണം നിലവിലുള്ള സ്ഥലത്തു തുടരും. അധികം വൈകാതെ അതും ഒന്നാം പ്ലാറ്റ്‌ഫോമിലെ മറ്റൊരിടത്തേക്കു മാറ്റും. ഇന്‍ഫര്‍മേഷന്‍ സെന്ററും ഒരാഴ്ചയ്ക്കകം നാലാം പ്ലാറ്റ്‌ഫോമിലേക്കു മാറ്റും. നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്റ്റേഷനില്‍ പൊളിക്കുന്നത് ഒന്നാം പ്ലാറ്റ്‌ഫോം കെട്ടിടമാണ്.
രാജ്യാന്തര നിലവാരത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. 2023 നവംബര്‍ 24 ന് ആണ് പ്രവൃത്തി ആരംഭിച്ചത്. 2026 ഡിസംബറിലാണ് പൂര്‍ത്തിയാകുക. പദ്ധതിയുടെ കരാറുകാര്‍ സേലത്തെ റാങ്ക് പ്രോജക്ട്‌സ് ആന്‍ഡ് ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. നവീകരണത്തോടെ സ്റ്റേഷന്റെ മുഖഛായ മാറ്റുംവിധമാണ് ഒന്നും നാലും പ്ലാറ്റ്‌ഫോമുകളില്‍ അഞ്ച് നില കെട്ടിടമുയരുക.
രണ്ട് നിലകളും യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമാണു വിനിയോഗിക്കുക. ബാക്കി 3 നിലകളും വാണിജ്യാവശ്യങ്ങള്‍ക്കു വിട്ടുകൊടുക്കും. നവീകരണ ഭാഗമായി ഇതുവരെ നടന്ന പ്രവൃത്തികളെല്ലാം നാലാം പ്ലാറ്റ്‌ഫോമിനു പുറത്താണ്. ഇനി സ്റ്റേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിലേക്കു കടക്കും