ശുചിത്വ മാലിന്യ പരിപാലനത്തില്‍ ഒന്നാമത് മേപ്പയ്യൂര്‍ പഞ്ചായത്ത്; ശുചിത്വ പ്രഖ്യാപനം നടത്തി മേലടി ബ്ലോക്ക് പഞ്ചായത്ത്
മേലടി: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായ് മേലടി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പ്രഖ്യാപനം നിര്‍വഹിച്ചു. കൂടാതെ വിവിധ മേഖലകളിലെ ശുചിത്വ ഹരിത പ്രവര്‍ത്തനങ്ങള്‍ക്കുളള അവാര്‍ഡും പ്രഖ്യാപിച്ചു.
ബ്ലോക്ക് തല പ്രഖ്യാപനത്തോടൊപ്പം ശുചിത്വ മാലിന്യ പരിപാലനത്തില്‍ മികച്ച ഗ്രാമ പഞ്ചായത്തായി മേപ്പയ്യൂരിനെ തിരഞ്ഞെടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി. പ്രസന്ന അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി രാജന്‍, സി.കെ ഗിരീഷ്, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എം രവീന്ദ്രന്‍, മഞ്ഞകുളം നാരായണന്‍, ലീന പുതിയോട്ടില്‍, ഹരിത കേരളം മിഷന്‍ ആര്‍.പി നിരഞ്ജന എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് 4 ഗ്രാമ പഞ്ചായത്തുകളുടെയും അവതരണം നടന്നു. ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ബിനു ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിന് ജോയിന്റ് ബിഡിഓ കെ. കൃഷ്ണന്‍ നന്ദി പറഞ്ഞു.