ബാലുശേരി എം.എല്‍.എ സച്ചിന് ദേവിന്റെയും ആര്യാ രാജേന്ദ്രന്റെയും വിവാഹം സെപ്തംബര്‍ നാലിന്; ചടങ്ങ് എകെജി ഹാളിൽ
ബാലുശേരി: എംഎല്‍എ കെ.എം സച്ചിന് ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ തീയ്യതി പ്രഖ്യാപിച്ചു. സെപ്തംബര്‍ നാലിന് തിരുവനന്തപുരം എകെജി ഹാളിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. പിന്നീട് കോഴിക്കോട് റിസപ്ഷനും ഉണ്ടായിരിക്കുന്നതാണ്.
മാര്‍ച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമുള്ള ലളിതമായ ചടങ്ങായിരുന്നു സംഘടിപ്പിച്ചത്.
രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എം.എല്‍.എയും തമ്മിലുള്ള വിവാഹമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ബാലസംഘം, എസ്എഫ്ഐ തുടങ്ങിയ സംഘടനകളില്‍ ഇരുവരും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. സംഘടന പ്രവര്‍ത്തനത്തിനിടയിലുണ്ടായ അടുപ്പം വീട്ടുകാരുടെ അനുമതിയോടെ വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുവെന്നായിരുന്നു ഇരുവരും അറിയിച്ചത്.
സച്ചിന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവുമാണ്. ആര്യ എസ്എഫ്ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്.
സച്ചിന് ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. നിലവില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.
21-ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന് തിരുവനന്തപുരം മേയര്‍ ആകുന്നത്. തിരുവനന്തപുരം ഓള് സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്.