ചേമഞ്ചേരിയെ കണ്ടുപഠിക്കാന്‍ അരുണാചല്‍ സംഘം; പഞ്ചായത്ത് ഭരണ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ പ്രവര്‍ത്തനങ്ങളും നേരിട്ട് കണ്ട് മനസിലാക്കാന്‍ എത്തിയത് ജനപ്രതിനിധികളടക്കമുള്ള സംഘം


ചേമഞ്ചേരി: പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുകയെന്ന ലക്ഷ്യത്തോടെ അരുണാചല്‍ പ്രദേശില്‍ നിന്നും മുപ്പതംഗ സംഘം ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍. അരുണാചല്‍ സര്‍ക്കാരിന്റെയും വിവിധ കൂട്ടായ്മകളിലെയും പ്രതിനിധികളാണ് തിങ്കളാഴ്ച ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെത്തിയത്.

പഞ്ചായത്തിന്റെ ഭരണപ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും, പഞ്ചായത്തും കുടുംബശ്രീയും എങ്ങനെയാണ് പരസ്പരം യോജിച്ച് പദ്ധതികളുണ്ടാക്കി പ്രവര്‍ത്തിക്കുന്നതെന്ന് അറിയുകയുമാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇന്നലെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായി സംസാരിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

ഇന്ന് രാവിലെ ജനകീയ ഹോട്ടല്‍ സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് പ്രദേശത്തെ അംഗനവാടികളുടെ പ്രവര്‍ത്തനം കണ്ട് മനസിലാക്കും. വൈകുന്നേരത്തോടെ എ.ഡി.എസ്, കുടുംബശ്രീ യോഗങ്ങളിലും സംഘം പങ്കുചേരും.

നാളെ തൊഴിലുറപ്പ് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കും. ഇതിന്റെ ഭാഗമായി തൊഴിലുറപ്പ് സൈറ്റ് സന്ദര്‍ശിക്കും. കൂടാതെ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും എം.സി.എഫും സന്ദര്‍ശിക്കുകയും ചെയ്യും. വൈകുന്നേരം കുടുംബശ്രീ സംരംഭങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പഠനത്തിന്റെ ഭാഗമായി സംഘം സിഡിഎസ് അംഗങ്ങള്‍, തൊഴിലുറപ്പ് അംഗങ്ങള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പഞ്ചായത്ത് രാജ് സംവിധാനവും കുടുംബശ്രീ സംവിധാനവും വികസന പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന സംയോജന സാധ്യതകള്‍ സംഘം വിലയിരുത്തുന്നു. അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് റൂറല്‍ ലൈവ്ലിഹുഡ് മിഷന് കീഴില്‍ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍, പഞ്ചായത്ത് പ്രാദേശിക റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍, ജില്ലാ തീമാറ്റിക് കോ ഓര്‍ഡിനേറ്റര്‍മാര്‍, സംസ്ഥാന പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍, ബ്ലോക്ക് മിഷന്‍ മാനേജര്‍മാര്‍, മെന്റര്‍മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

കോഴിക്കോട് ജില്ലയില്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള രണ്ട് സംഘമാണ് പഠനത്തിനെത്തിയത്. ചേമഞ്ചേരി പഞ്ചായത്തിന് പുറമേ ഒളവണ്ണ പഞ്ചായത്തിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് സംഘം മടങ്ങും.

വനിത ശിശു വികസന മേഖലയില്‍ ഗ്രാമ പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഓഡീഷയില്‍ നടന്ന ദേശീയ സെമിനാറിലും ഗ്രാമപഞ്ചായത്തിന്റെ സദ് ഭരണമികവ് പരിഗണിച്ച് ശ്രീനഗില്‍ വെച്ച് നടന്ന ദേശീയ ശില്പശാലയിലും ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയില്‍ പങ്കെടുത്തിരുന്നു. പഞ്ചായത്തിന്റെ മികച്ച വികസന മാതൃകകള്‍ പരിഗണിച്ച് സംസ്ഥാന ഗവണ്‍മന്റിന്റെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി നിരവധി തവണ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്. അരുണാചല്‍സംഘത്തിന് നല്‍കിയ സ്വീകരണ പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയില്‍ , സെക്രട്ടറി അനില്‍കുമാര്‍ , വൈസ് പ്രസിഡണ്ട് ശ്രീമതി ഷീല എം, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബുക്ഷേമ കാര്യസ്ന്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ ഹാരിസ് ആരോഗ്യ വിദ്യഭ്യാസ ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു , കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ആര്‍.പി വത്സല എന്നിവര്‍ സംസാരിച്ചു.