മരപ്പലകയില്‍ കിനിഞ്ഞിറങ്ങുന്ന അശോക് കുമാറിന്‍റെ കരവിരുത്; ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജിലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ് ജേതാവ്
മുഹമ്മദ് ടി.കെ.
ഇരിങ്ങല്‍: ‘മെമെന്‍റോകളും ഗിഫ്റ്റുകളും ഒരു അമൂല്യവസ്തുവായിട്ടല്ലേ നമ്മള്‍ കൊടുക്കാറ്. അവ പ്രഷ്യസ് ആവണമെങ്കില്‍ പരിസ്ഥിതി സൗഹൃദമായിരിക്കണ്ടേ’ – മരപ്പലകയില്‍ മനോഹരചിത്രള്‍ തീര്‍ത്ത് മൊമന്‍റോകളും ഗിഫ്റ്റുകളും നിര്‍മിക്കുന്ന അശോക് കുമാറിന്റെ ഐഡിയോളജി ഇതാണ്. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ സ്ഥിരം സ്റ്റാളുകളിലെ 26-ാം നമ്പര്‍ സ്റ്റുഡിയോയിലാണ് അശോക് കുമാര്‍ ഉജ്വലമായ തന്റെ കരവിരുതുകളുമായി നിറഞ്ഞു നില്‍ക്കുന്നത്.
മരത്തില്‍ ചുമ്മായുള്ള വരയല്ല അശോകിന്റേത്. പ്രത്യേകം തയ്യാറാക്കിയ മരപ്പലകയില്‍ വ്യത്യസ്ത ലേയറുകളാക്കിയാണ് ഓരോ ചിത്രവും തീര്‍ക്കുന്നത്. ഓരോ ലേയറിലും പെയിന്‍റ് മരത്തില്‍ കിനിഞ്ഞിറങ്ങി ഉണങ്ങുന്നത് വരെ കാത്തിരിക്കണം അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍. ഇങ്ങനെ മണിക്കൂറുകളും ദിവസങ്ങളും എടുത്താണ് പല ‘ആര്‍ട്ട് ഓണ്‍ വൂഡ്’ ചിത്രങ്ങളും തീര്‍ക്കുന്നത്.
ഇത്തരത്തിലുള്ള സവിശേഷമായ രീതിയായതിനാല്‍ തന്നെ ചിത്രങ്ങള്‍ പ്രതലത്തില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കാതെ പ്രതലവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു പ്രീമിയം അനുഭവം ഓരോ ചിത്രങ്ങള്‍ക്കുമുണ്ട്.
അക്രലിക് പെയിന്‍റുകള്‍ കൂട്ടിക്കലര്‍ത്തിയുണ്ടാക്കിയ ഒരു സിഗ്നേച്ചര്‍ ബ്രൗണ്‍ കളര്‍ ടിന്‍റിലാണ് അശോക് കുമാര്‍ ചിത്രീകരണം നടത്തുന്നത്. മരത്തിന്‍റെ സ്വാഭാവിക കളറിനൊപ്പം ഈ ബ്രൗണ്‍ നിറം കൂടി വരുന്നതോടെ ഒരു മോണോക്രോം ഫീലാണ് ചിത്രങ്ങള്‍ക്കാകെ.
മൊമെന്‍റോകള്‍, വിവാഹ / ബര്‍ത്ത് ഡേ ഗിഫ്റ്റുകള്‍, ഫോട്ടോ പോര്‍ട്രൈറ്റ്, സെലിബ്രിറ്റി പോര്‍ട്രൈറ്റ് തുടങ്ങി നിരവധി രീതിയില്‍ ആര്‍ട്ട് ഓണ്‍ വൂഡ് ലഭ്യമാണ്. രണ്ടായിരം രൂപ മുതല്‍ 12500 രൂപ വരെയാണ് വില.
ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സ് ജേതാവ് കൂടിയാണ് അശോക് കുമാർ. ഒരു മണിക്കൂര്‍ കൊണ്ട് മരത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രം വരച്ചതിനാണ് റെക്കോര്‍ഡ്. 11 ഗാന്ധി ചിത്രങ്ങളാണ് റെക്കോര്‍ഡ് കരസ്ഥമാക്കാനായി അശോക് കുമാര്‍ വരച്ചു തീര്‍ത്തത്. ഗാന്ധിയുടെ ചെറുപ്പകാലം മുതല്‍ മരണം വരെയുള്ള ചിത്രങ്ങളുടെ മനോഹര ചിത്രീകരണം അശോകിന്‍റെ സ്റ്റോളില്‍ കാണാവുന്നതാണ്.