നൂലിന്റെ കലാസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള കരകൗശലം കാണാം, വാങ്ങാം; അന്തര്‍ദേശീയ പേസ്‌മെന്ററി ആര്‍ട്ട് എക്‌സ്ബിഷന് കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയില്‍ സെപ്റ്റംബര്‍ എട്ടുമുതല്‍


കാപ്പാട്: അന്തര്‍ദേശീയ പേസ്‌മെന്ററി ആര്‍ട്ട് എക്‌സിബിഷന് കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയില്‍ സെപ്റ്റംബര്‍ എട്ടിന് തുടക്കമാകും. രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം എഴ് മണിവരെയാണ് പ്രദര്‍ശനം. സെപ്റ്റംബര്‍ 18വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.

സംരംഭകനും പേസ്‌മെന്ററി ആര്‍ട്ടിസ്റ്റുമായ ബാബു കൊളപ്പള്ളിയുടെ പേസ്‌മെന്ററി വാള്‍ ഇന്‍സ്റ്റലേഷന്റെ ആദ്യ പ്രദര്‍ശനമാണിത്. നൂലിന്റെ കലാസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള കരകൗശല വേലയാണ് പേസ്‌മെന്ററി ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപത്തില്‍ ജപ്പാനീസ് കുമിഹിമോ, ക്രോഷെട്ട്, മക്രാമി, ഹാന്‍ഡ് വീവിങ് എന്നിവയെല്ലാം ഉള്‍പ്പെടുന്നു. നൂലും അനുബന്ധ വസ്തുക്കളും കൈത്തറിയും സവിശേഷ മാതൃകയില്‍ കെട്ടിയും മെടഞ്ഞും പിരിച്ചുമുണ്ടാക്കുന്ന വസ്തുക്കള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഫാഷന്‍ ഡിസൈനിങ്ങിനും ഹോം ഫര്‍ണിഷിങ്ങിനും മാറ്റ് കൂട്ടുന്നവയാണ്. പേസ്‌മെന്ററി മേഖലയില്‍ ബാബു കൊളപ്പള്ളിയുടെ നൂതന പരീക്ഷണമാണ് പേസ്‌മെന്ററി വാള്‍ ഇന്‍സ്റ്റലേഷന്‍.

രൂപ ടെക്‌സൈറ്റല്‍സ്, അഭയം ചാരിറ്റബിള്‍ സൊസൈറ്റി എന്നിവര്‍ സംയുക്തമായി ഒരുക്കുന്ന പ്രദര്‍ശനത്തോടൊപ്പം കലാവസ്തുക്കളുടെ വില്‍പ്പനയും ഉണ്ടായിരിക്കും. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഭിന്നശേഷി കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചേമഞ്ചേരി അഭയം ചാരിറ്റബിള്‍ സൊസൈറ്റിക്കായി ചെലവഴിക്കും.

പ്രദര്‍ശനത്തോടനുബന്ധിച്ച് പേസ്‌മെന്ററി ഫൈബര്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് എന്നീ വിഷയങ്ങളില്‍ ക്ലാസുകളും പ്രഭാഷണങ്ങളും കൂടാതെ കലാപരിപാടികളും ഉണ്ടായിരിക്കും.

Summary: Art Exhibition Kappad at Simon Brito Art Gallery from September 8