ഇന്നത്തെ കാറ്റില്‍ കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ തകര്‍ന്നത് മുപ്പത്തഞ്ചോളം പോസ്റ്റുകള്‍, അന്‍പതോളം സ്ഥലങ്ങളില്‍ കമ്പി പൊട്ടി; വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി


കൊയിലാണ്ടി: രാവിലെ കൊയിലാണ്ടി മേഖലയില്‍ വീശിയ ശക്തമായ കാറ്റില്‍ കെ.എസ്.ഇ.ബി സൗത്ത് സെക്ഷന്‍ പരിധിയില്‍ മരംവീണ് നിരവധി പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകര്‍ന്നു. 15 എച്ച്.ടി പോസ്റ്റുകളും 20 എല്‍.ടി പോസ്റ്റുകളുമാണ് തകര്‍ന്നത്.

അന്‍പതോളം സ്ഥലങ്ങളില്‍ കമ്പി പൊട്ടി. നാല്‍പ്പതോളം സ്ഥലങ്ങളില്‍ ലൈനില്‍ മരംവീണ് കിടക്കുകയാണ്. കമ്പി പൊട്ടിയ ഭാഗങ്ങള്‍ ഐസലേറ്റ് ചെയ്ത് ബാക്കി ഭാഗങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.

കമ്പി പൊട്ടിയതും മരംവീണതുമായ വിവരങ്ങള്‍ എത്രയും പെട്ടെന്ന് കെ.എസ്.ഇ.ബി അധികൃതരെ അറിയിക്കണമെന്നാണ് നിര്‍ദേശം. ഒറ്റപ്പെട്ട പരാതികള്‍ അറിയിക്കാന്‍ Customer Care number ഉപയോഗിക്കാനും കെ.എസ്.ഇ.ബി നിര്‍ദേശിച്ചു.