ഛർദ്ദിയെ തുടർന്ന് അരിക്കുളത്ത് വിദ്യാർത്ഥി മരിച്ച സംഭവം: വീട്ടിൽ ഡോഗ് സ്ക്വാഡിന്റെ പരിശോധന, തെളിവുകൾ ശേഖരിച്ചു
കൊയിലാണ്ടി: ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദ്ദിച്ച് അരിക്കുളത്ത് പന്ത്രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. കുട്ടിയുടെ വീട്ടിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുകയും ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. അന്വേഷണത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതോടെ പൊലീസ് വീട്ടിലെത്തി ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചു. കോറോത്ത് മുഹമ്മദലിയുടെ പന്ത്രണ്ടു വയസുള്ള മകന് അഹമ്മദ് ഹസന് രിഫായിയാണ് തിങ്കഴാഴ്ച ഛർദ്ദിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിലും കടയിലും എത്തി തെളിവുകള്‍ ശേഖരിച്ചത്. ഇന്ന് ഡോഗ് സ്ക്വാഡും കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തി. കുട്ടിയുടെ രക്ഷിതാക്കളെയും ഒരു ബന്ധുവിനെയും ഇന്ന് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി വിവരങ്ങൾ ചോദിച്ചതായും പോലീസ് വ്യക്തമാക്കി.
പോസ്റ്റുമോർട്ടത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ ഫോറൻസിക് പരിശോധനാ ഫലം വന്നാൽ മാത്രമാണ് ഇതിൽ കൂടുതൽ വ്യക്തത വരുകയെന്ന് എസ്.ഐ അനീഷ് വടക്കേടത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐസ്ക്രീം കഴിച്ചതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിക്ക് ശാരീരിക അസ്വസ്തകളും ഛർദ്ദിയും അനുഭവപ്പെടുന്നത്. തുടർന്ന് സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയൂരിലും ചികിത്സ തേടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച സ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.
ഡി.വൈ.എസ്.പി ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ കൊയിലാണ്ടി സ്റ്റേഷന്റെ ചുമതലയുള്ള സി.ഐ സുഭാഷ് ബാബു, അന്വേഷണ ചുമതലയുള്ള എസ്.ഐ അനീഷ്, എ.എസ്.പി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.