അരിക്കുളം മുതുകുന്ന് മലയിലെ മണ്ണെടുപ്പ്: സമരം ചെയ്ത അരിക്കുളം-നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു


അരിക്കുളം: അരിക്കുളം – നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയില്‍ വീണ്ടും സംഘര്‍ഷം. മണ്ണെടുപ്പ് തടയാനെത്തിയ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പേരാമ്പ്ര ഡിവൈ.എസ്.പി. വി.വി. ലതീഷിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ സി.ഐ ഷിജു ഇ.കെ, പേരാമ്പ്ര സി.ഐ ജംഷീദ് പി, കൂരാച്ചുണ്ട് സി.ഐ, ബാലുശ്ശേരി സി.ഐ എന്നിവരടക്കം വന്‍ പോലീസ് സന്നാഹമായിരുന്നു രാവിലെ മലയില്‍ ഉണ്ടായിരുന്നത്‌.

ഇന്ന് രാവിലെ മലയില്‍ മണ്ണെടുപ്പ് തടയാനെത്തിയ സമരസമിതി പ്രവര്‍ത്തകരെയും അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ മാസ്റ്റര്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അഭിനീഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നിഷ എം.കെ, ഗീത നന്ദനം, എസ്എഫ്ഐ നേതാവ് നവതേജ് ഏരിയ സെക്രട്ടറി, സിപിഎം കാരയാട് ലോക്കൽ കമ്മിറ്റി അംഗം സുബോദ്, സിപിഎം കല്പത്തൂർ ലോക്കൽ കമ്മിറ്റി അംഗം ദേവ് അമ്പാളി, ജിതേഷ് കെ വി, ഡിവെെഎഫ്ഐ കാരയാട് മേഖല നേതൃത്വം അർജുൻ രാഗ്, അർജുൻ എ എസ് എന്നിവരെ മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനപ്രതിനിധികളെയും സമരസമിതി നേതാക്കളെയും അറസ്റ്റ് ചെയ്തതോടെ മേപ്പയൂര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. മണ്ണെടുപ്പ് തടയാനെത്തിയവരെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നവെന്ന്‌ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അഭിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Description: Arikulam Mutukun Hill soil excavation: Police arrested around 40 activists including panchayat presidents.