21കോടിയോളം രൂപ അനുവദിച്ചിട്ടും യാതൊരു പ്രവൃത്തിയും തുടങ്ങിയിട്ടില്ല; വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കണമെന്ന് അരിക്കുളം മുസ്‌ലിം ലീഗ്
അരിക്കുളം: അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുന്നതിനായി സര്‍ക്കാര്‍ പണം അനുവദിച്ചെങ്കിലും യാതൊരു പ്രവൃത്തിയും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അരിക്കുളം മുസ്‌ലിം ലീഗ്. വെളിയനണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
260ഓളം ഹെക്ടര്‍ തരിശ് സ്ഥലത്ത് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ 20കോടി 70ലക്ഷംരൂപ അനുവദിച്ചെങ്കിലും യാതൊരു പ്രവൃത്തിയും ഇതുവരെ ആരംഭിച്ചിട്ടില്ല. മുന്‍പ് വലിയ തോതില്‍ നെല്‍കൃഷി ചെയ്തിരുന്ന ഇവിടെ ഇപ്പോള്‍ പായലും പുല്ലും നിറഞ്ഞിരുക്കുകയാണ്. ഈപ്രദേശത്ത് കൃഷി ആരംഭിക്കുന്നതോടുകൂടി വര്‍ധിച്ചു വരുന്ന അരിയുടെ വില ഒരുപരിധി വരെ പിടിച്ചു നിര്‍ത്താന്‍ കഴിയും.
വിളവെടുത്ത് ഇവിടെത്തന്നെ സംസ്‌കരിച്ച് വെളിയണ്ണൂര്‍ ബ്രാന്റ് എന്ന പേരില്‍ അരി കയറ്റി അയക്കാനും വില്പനനടത്താനും കഴിയും. പ്രാദേശികമായി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. പ്രാദേശിക ടൂറിസത്തിനും സാധ്യതയുണ്ടെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബൂത്ത് സമിതി അംഗങ്ങള്‍ക്ക് നല്‍കിയ പ്രത്യേക പരിശീലന പരിപാടിയായ ഇന്ത്യ 24 പ്രിപ്പറേഷന്‍ മീറ്റ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. ഇ.കെ.അഹമ്മദ് മൗലവി അധ്യക്ഷനായിരുന്നു.
ഖത്തര്‍ കെ.എം.സി.സി ഭാരവാഹികളായ ജാലിസ്.ഇ.എം, കാസിം എന്‍.എം, മുഹമ്മദ് അസ്ലം. കെ.റാഷിദ്.സി.വി, അജ്മാന്‍ കെ.എം.സി.സി നിയോജകമണ്ഡലം ട്രഷറര്‍ ഹംസ.കെ.എം, ദുബായ് കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലാം കാപ്പുമ്മല്‍ എന്നിവര്‍ക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നല്‍കി.
വി.വി.എം ബഷീര്‍ മാസ്റ്റര്‍, കെ.എം.മുഹമ്മദ്, പി.പി.കെ.അബ്ദുള്ള, എം.പി.അമ്മത്, സി.നാസര്‍, കെ.എം.അബ്ദുസ്സലാം, എന്‍.കെ.അഷ്റഫ്, ബഷീര്‍ വടക്കയില്‍, കെ.എം.മുഹമ്മദ് സക്കറിയ, റഫീഖ്.കെ, ആവള മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.