മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തു, ലീഗിന്റെ പതാക കീറി; അരിക്കുളം മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന്‍സിനുനേരെ ആക്രമണം, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്


അരിക്കുളം: കാരയാട് അക്വുഡേറ്റിന് സമീപം നിര്‍ത്തിയിട്ട മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന്‍സ് ആക്രമിച്ചതായി പരാതി. ഞായറാഴ്ച രാത്രിയാണ് സംഭവം.

ആംബുലന്‍സ് ഡ്രൈവര്‍ കാരയാട് സ്വദേശിയായതിനാല്‍ കാരയാടാണ് വണ്ടി നിര്‍ത്തിയിടാറുണ്ടായിരുന്നത്. ഞായറാഴ്ച പതിവുപോലെ വാഹനം നിര്‍ത്തിയിട്ടതായിരുന്നു. തിങ്കളാഴ്ചയാണ് വാഹനം ആക്രമിക്കപ്പെട്ടതായി മനസിലായതെന്ന് മുസ്‌ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ആംബുലന്‍സിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. വാഹനത്തിലെ ലീഗിന്റെ പതാക കീറിയിട്ടതായും ഡോര്‍ ലോക്ക് തകര്‍ത്ത് ഉള്‍വശത്തുള്ള സാധനങ്ങള്‍ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. അത്യാവശ്യഘട്ടങ്ങളിലും ആളുകള്‍ മരണപ്പെടുന്ന സാഹചര്യത്തിലും തികച്ചും സൗജന്യമായി സേവനം ചെയ്തുവരുന്ന ആംബുലന്‍സാണ് ആക്രമിക്കപ്പെട്ടത്.

സംഭവത്തില്‍ മേപ്പയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേപ്പയ്യൂർ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കാരയാടെത്തി പരിശോധന നടത്തി.