അരിക്കുളം മുതുകുന്ന് മലയിലെ മണ്ണെടുപ്പ്; വീണ്ടും പ്രതിഷേധവുമായി നാട്ടുകാരുടെ വന്‍ സന്നാഹം, ഒടുവില്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം


അരിക്കുളം: അരിക്കുളം – നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയിലെ മണ്ണെടുപ്പ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ മേപ്പയ്യൂര്‍ പോലീസും നാട്ടുകാരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. മാത്രമല്ല ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കലക്ടറുമായി നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ പട്ടേരിക്കണ്ടി, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ച നടത്തും.

ഇന്ന് രാവിലെ ജിയോളജിക്കല്‍ ഡിപ്പാട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ചര്‍ച്ചയില്‍ നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ പട്ടേരിക്കണ്ടി, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം എ.എം.സുഗതന്‍, സി.പി.എം ഏരിയാകമ്മിറ്റി അംഗം എ.സി ബാലകൃഷ്ണന്‍, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി വി.എം ഉണ്ണി, സിപി.ഐ മേപ്പയൂര്‍ മണ്ഡലം സെക്രട്ടറി ബിജു, സി.പി.ഐ.എം കല്‍പത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജിതേഷ്, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടി കെ.ആര്‍സുബോദ് എന്നിവര്‍ പങ്കെടുത്തു.

മുതുകുന്ന് മലയിൽ, ഫാം ടൂറിസം, ജലജീവൻ മിഷൻ ടാങ്ക് എന്നിവയിലേക്കുള്ള റോഡ് വെട്ടുകയാണ് എന്ന വ്യാജേന ഒരു സ്വകാര്യ കമ്പനിയുടെ സൗകര്യത്തിനായി കുന്ന് ഇടിച്ച് പാറകളും ഉരുളൻ കല്ലുകളും നിറഞ്ഞ മുതുകുന്ന് മല ഇടിച്ചു നിരത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സി.പി.എം പറയുന്നത്‌. NHA (വാഗാഡ്) കമ്പനിക്കാരുടെ ആവശ്യത്തിനായി മണ്ണെടുക്കാൻ അനുമതി കൊടുത്ത നടപടിയിൽ പ്രദേശവാസികൾ ഭീതിയിലാണ്. കുന്നിടിച്ചിലും, മലവെള്ളപ്പാച്ചിലും വന്ന് ഉരുൾപൊട്ടൽ പോലുള്ള കാര്യങ്ങൾ സംഭവിച്ചേക്കാം എന്ന ആശങ്കയിലാണ് ജനങ്ങൾ.

Description: Arikulam Mudhukunnu mountain excavation; Proposed to be temporarily suspended