ചുറ്റും വെള്ളമാണ്, പുറത്തിറങ്ങാന്‍ വഴിയില്ല; കുടിക്കാന്‍ ശുദ്ധജലവുമില്ല; തോരാത്ത മഴയത്ത് ദുരിതത്തിലായി അരിക്കുളം കാരയാട് ഹനുമാന്‍ കുനിയിലെ പത്തോളം കുടുംബങ്ങള്‍
അരിക്കുളം: വീടിനുചുറ്റും പറമ്പിലുമെല്ലാം വെള്ളമാണ്, പക്ഷേ, കുടിക്കാന്‍ വെള്ളമില്ല. അരിക്കുളം കാരയാട് ഹനുമാന്‍കുനി നിവാസികളുടെ അവസ്ഥ ഇതാണ്. പത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ നിന്ന് പുറത്തിറങ്ങണമെങ്കില്‍ വെള്ളത്തിലൂടെ ഏറെ പണിപ്പെട്ട് യാത്ര ചെയ്യണമെന്ന സ്ഥിതിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വിദ്യാര്‍ഥികളെ സ്‌കൂളില്‍ പറഞ്ഞയക്കാനോ പ്രായമുള്ളവരെയും രോഗികളെയും ആശുപത്രിയിലെത്തിക്കാനോ ഒന്നും പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസിയായ പ്രദീപ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഹനുമാന്‍ കുനി നിവാസികള്‍ക്ക് വെള്ളക്കെട്ട് കടന്ന് റോഡിലേക്കെത്താന്‍ നേരത്തെ ഫുട്പാത്തുപോലെ വഴിയുണ്ടായിരുന്നു. ഇതുമാറ്റി വാഹനങ്ങളടക്കം കടന്നുപോകാന്‍ കഴിയുന്ന റോഡാക്കി തരാമെന്ന് പറഞ്ഞ് ഏതാണ്ട് ഒരുവര്‍ഷം മുമ്പ് വഴി പൊളിച്ചുമാറ്റുകയായിരുന്നെന്നാണ് പ്രദീപ് പറയുന്നത്. ഇപ്പോള്‍ പഴയ വഴിയുമില്ല, റോഡുമില്ല വെള്ളം താണ്ടി നടക്കണം എന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
വീടിനുചുറ്റും വെള്ളം നില്‍ക്കുന്നതോടെ കുടിക്കാന്‍ ശുദ്ധജലമില്ലാത്ത അവസ്ഥവരും. ഈ വെള്ളക്കെട്ടെല്ലാം താണ്ടി റോഡിനപ്പുറത്തെത്തി കുടിക്കാന്‍ മാത്രം അല്പം ശുദ്ധജലം കൊണ്ടുവരും. മറ്റാവശ്യങ്ങള്‍ക്കെല്ലാം മലിനമായ ഈ വെള്ളം തന്നെയാണെന്നാണ് ഉപയോഗിക്കുന്നതെന്നും പ്രദീപ് പറയുന്നു.
പലതവണ പഞ്ചായത്തില്‍ വഴിക്കുവേണ്ടി വേണ്ടി അപേക്ഷിച്ചിട്ടും മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് ഹനുമാന്‍ കുനി പ്രദേശത്ത് കാരോട് പഞ്ചായത്ത് കാണിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ശ്രീധരന്‍ കണമ്പത്തും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ അരിക്കുളം മണ്ഡലം പ്രസിഡണ്ട് റിയാസ് ഊട്ടേരിയും ഐ.എന്‍.ടി.യു.സി അരിക്കുളം പ്രസിഡന്റ് മുഹമ്മദ് എടച്ചേരിയും പറഞ്ഞു. ഹനുമാന്‍കുനി പ്രദേശത്തുള്ളവരോട് പഞ്ചായത്ത് കാണിക്കുന്ന അവഹേളനക്കെതിരെ ശക്തമായ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.