മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് നിലച്ച് അരിക്കുളം തുവ്വാക്കുറ്റി – മുതുവോട്ടുതാഴ തോട്; പുതുജീവന്‍ നല്‍കാന്‍ പദ്ധതിയൊരുങ്ങുന്നു
അരിക്കുളം: തുവ്വാക്കുറ്റി-മുതുവോട്ട് താഴ തോട് വീണ്ടും തെളിഞ്ഞൊഴുകും. അരിക്കുളം, നടുവണ്ണൂർ, നൊച്ചാട് ഗ്രാമപ്പഞ്ചായത്തുകളിലൂടെ ഒഴുകിയെത്തി കൊയിലാണ്ടി നഗരസഭയിൽ ഉൾപ്പെട്ട മുതുവോട്ട് പുഴയിൽ പതിക്കുന്ന തുവ്വാക്കുറ്റി-മുതുവോട്ട് താഴ തോട് പായലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് പുനരുജ്ജീവിപ്പിക്കണമെന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. ഇതിനായി പ്രദേശവാസികള്‍ നിരന്തരം അധികൃതരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മൈനര്‍ ഇറിഗേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം പ്രാഥമിക പരിശോധനയ്ക്കായി എത്തിയത്.
പ്രാഥമിക പരിശോധനയില്‍ ആറര കിലോമീറ്റർ നീളത്തിലും അഞ്ചു മീറ്റർ വീതിയിലും തോട് ഇരുവശവും കരിങ്കൽകൊണ്ട് കെട്ടി സംരക്ഷിക്കാൻ ഏകദേശം 26 കോടി രൂപയോളം വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും, നിലവില്‍ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്നും അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഊരള്ളൂർ നടുവിലക്കണ്ടി ഭാഗത്ത് തോടിന് കുറുകെ ചീർപ്പ് നിർമിച്ച് അരികുകൾ സംരക്ഷിക്കാൻ നടപടി നേരത്തേ എടുത്തിത്തിരുന്നു. ഇപ്പോൾ തോടിനും പലയിടത്തും ആഴം കുറവാണ്. തോട് സംരക്ഷിച്ച് ജലക്രമീകരണപദ്ധതി നടപ്പിലാക്കിയാൽ ഒട്ടേറെ പാടശേഖരങ്ങളിൽ നെൽക്കൃഷി ചെയ്യാൻ കഴിയും. ആറരക്കിലോമീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്ന തോട്, കാരയാട്, ഏക്കാട്ടൂർ, പള്ളിയിൽ നട, എലങ്കമൽ, മഠത്തിൽക്കുനി, പാറക്കുളങ്ങര, ഊട്ടേരി, ഊരള്ളൂർ, കണ്ടമ്പത്ത് താഴ ഭാഗത്തുകൂടി ഒഴുകി മുതുവോട്ട് പുഴയുമായാണ് കൂടിച്ചേരുന്നത്.
വർഷങ്ങൾക്ക് മുൻപ് നെൽപ്പാടങ്ങളിലെ ജലക്രമീകരണത്തിനായി ഉണ്ടാക്കിയതാണ് തോട്. തിരുവങ്ങായൂർ, പാറക്കുളങ്ങര, ഊരള്ളൂർ, എലങ്കമൽ, മന്ദങ്കാവ് തുടങ്ങി ഏക്കർ കണക്കിന് പാടശേഖരങ്ങളുടെ നടുവിലൂടെയാണ് തോട് കടന്നു പോകുന്നത്. അന്നൊക്കെ തോട്ടിലൂടെ തോണിയില്‍ പ്രദേശവാസികള്‍ സാധനങ്ങള്‍ അടക്കം കൊണ്ടുപോവുമായിരുന്നു. മാത്രമല്ല മുതുവോട്ട് പുഴയില്‍ നിന്നും തോട്ടിലേക്ക് മത്സ്യങ്ങള്‍ കയറുന്നതിനാല്‍ നിറയെ മത്സ്യസമ്പത്തും ഉണ്ടായിരുന്നു. എന്നാല്‍ തോട്ടിന്റെ വശങ്ങളില്‍ കൈതക്കാടുകള്‍ വ്യാപകമായി വളരാന്‍ തുടങ്ങിയതോടെയാണ് തോട് നശിക്കാന്‍ തുടങ്ങിയത്. കൈതക്കാടുകളുടെ വേരുകള്‍ തോട്ടിലെ വെള്ളത്തിന്റെ ഒഴുക്കിനെ തന്നെ ബാധിച്ചു. പിന്നാലെ പായലും ചളിയും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് തോടിന്റെ ഒഴുക്ക് തന്നെ നിന്നുപോയി. പുനരുദ്ധാരണ പദ്ധതി തുടങ്ങണമെങ്കില്‍ ആദ്യം മണ്ണ് മാന്തി ഉപയോഗിച്ച് തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിന് പിന്നാലെ തോട് വൃത്തിയാക്കുന്ന പദ്ധതി ഉടന്‍ തുടങ്ങുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
Description: arikkulam Tuvvakutty-Mutuvott thazhe thodu will be clear again