എല്‍.എസ്.എസ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിന്റെ സങ്കടം പങ്കിട്ട് പ്രതിപക്ഷ നേതാവിന് കത്തെഴുതി, പ്രശ്‌നം പരിഹരിച്ചപ്പോള്‍ സമ്മാനവുമായി കാണാനെത്തി; അരിക്കുളം ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി നതാഷയെക്കുറിച്ച് വി.ഡി.സതീശന്‍


അരിക്കുളം: അരിക്കുളത്തെ ആറാം ക്ലാസുകാരി നതാഷ തന്നെ കാണാനെത്തിയതിന്റെ സന്തോഷം പങ്കിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്‍.എസ്.എസ് പരീക്ഷ എഴുതിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ സങ്കടം അറിയിച്ച് സതാഷ പ്രതിപക്ഷ നേതാവിന് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് വി.ഡി സതീശന്‍ വിഷയത്തില്‍ ഇടപെടുകയും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തിരുന്നു.

സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ സന്തോഷം നേരിട്ട് അറിയിക്കാനും പ്രതിപക്ഷ നേതാവിന് കൊച്ചുസമ്മാനം നല്‍കാനും അച്ഛനൊപ്പം അദ്ദേഹത്തെ കാണാന്‍ പോകുകയായിരുന്നു. ഒരു പേനയാണ് നതാഷ സമ്മാനമായി നല്‍കിയത്.

വി.ഡി. സതീശന്റെ കുറിപ്പ്:

ചെറുതോ വലുതോ ആയ ഒരു സഹായം ഒരാള്‍ക്കോ കുടുംബത്തിനോ സന്തോഷം നല്‍കുന്നുവെങ്കില്‍ അതാണ് ഒരു പൊതുപ്രവര്‍ത്തകനുള്ള ഊര്‍ജ്ജം.

കോഴിക്കോട് അരിക്കുളം ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി നതാഷ എല്‍.എസ്.എസ് പരീക്ഷ എഴുതിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സങ്കടം പങ്ക് വച്ചാണ് എനിക്ക് കത്തെഴുതുന്നത്. വിഷയത്തില്‍ ഇടപെടുകയും നതാഷക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുകയും ചെയ്തു.

പിന്നീട് ആ കൊച്ചുമിടുക്കി എന്നെ ഫോണില്‍ വിളിച്ച് അതിന്റെ സന്തോഷം പങ്കുവച്ചിരുന്നു. ഇന്ന് ഞാന്‍ കോഴിക്കോട് എത്തിയപ്പോള്‍ നതാഷ അച്ഛനും അമ്മയ്ക്കുമൊപ്പം കാണാനെത്തി. അവളുടെ സന്തോഷം പങ്ക് വച്ച് എനിക്ക് ഒരു പേന സമ്മാനമായി നല്‍കി. നതാഷയുടേയും കുടുംബത്തിന്റേയും സന്തോഷത്തിന്‍ പങ്ക് ചേരുന്നു.