രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ അധ്യാപകരുടെ പങ്ക് നിസ്തുലമെന്ന് മുല്ലപ്പള്ളി; അധ്യാപക ദിനത്തില്‍ ഗുരുവന്ദനം പരിപാടിയുമായി അരിക്കുളം കോണ്‍ഗ്രസ് കമ്മിറ്റി
അരിക്കുളം: രാഷ്ട്രപുനര്‍ നിര്‍മാണത്തില്‍ അധ്യാപകരുടെ പങ്ക് നിസ്തുലമെന്ന് മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗുരുവന്ദനം-23 കുരുടി മുക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവും ദൈവവും കണ്‍മുന്‍പില്‍ വന്ന് നിന്നാല്‍ നാം ആദ്യം വണങ്ങുക ഗുരുവിനെയാണെന്നും എന്തു കൊണ്ടെന്നാല്‍ ദൈവം ആരാണെന്ന് ആദ്യം പറഞ്ഞു തന്നത് ഗുരുവാണെന്നും കബീര്‍ ദാസിന്റെ വരികളെ ഉദ്ധരിച്ച് മുല്ലപ്പള്ളി പറഞ്ഞു. പുതിയ കാലത്ത് ഗുരുവും ശിഷ്യനും തമ്മിലുള്ള ആത്മബന്ധം കുറഞ്ഞു പോയിട്ടുണ്ട്. ഇത് ദൃഢമാക്കേണ്ടതുണ്ട്. ഇരട്ടു നിറഞ്ഞ കാലത്ത് യുവതലമുറക്ക് വഴികാട്ടിയാവാന്‍ അധ്യാപകര്‍ക്ക് കഴിയും. വായന മനുഷ്യ മനസിനെ വിമലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വീസില്‍ നിന്നും വിരമിച്ച പഞ്ചായത്ത് പരിധിയിലെ 62 അധ്യാപികാധ്യാപകരെ ചടങ്ങില്‍ മുല്ലപ്പള്ളി ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. കവിയും ഗാനരചയിതാവുമായ രമേശ്കാവില്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.ഡി.സി. ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ.അശോകന്‍, ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.രാമചന്ദ്രന്‍, പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ സി.രാമദാസ്, കെ.അഷറഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി, ബിനി മഠത്തില്‍, സി.എം. ജനാര്‍ദ്ദനന്‍, മണ്ഡലം സെക്രട്ടറി പി.കെ.കെ.ബാബു, പി.എം. രാധ എന്നിവര്‍ സംസാരിച്ചു.