20 രൂപയെ ചൊല്ലി വാക്കുതർക്കം, പിന്നാലെ കല്ലുകൊണ്ടു മർദ്ദിച്ചു; വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു


കൽപ്പറ്റ: മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂർവയൽ സ്വദേശി നിഷാദ് ബാബുവാണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. നിഷാദ് ബാബുവിൻ്റെ സുഹൃത്തുക്കളായ ചക്കര ശമീർ, കൊട്ടാരം ശരീഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

കൽപ്പറ്റ ബിവറേജസിനു മുന്നിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. 20 രൂപയെ തുടർന്നുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

മദ്യം കുടിച്ച ശേഷം കൽപ്പറ്റ ബിവറേജസിൽ നിന്നും വീണ്ടും മദ്യംവാങ്ങാനെത്തിയതായിരുന്നു നിഷാദും ശമീറും കൊട്ടാരം ശരീഫും. എന്നാൽ മദ്യം വാങ്ങുന്നതിൻ്റെ പേരിൽ 20 രൂപയെ ചൊല്ലി മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തൊട്ടുപിന്നാലെ, ശമീറും ഷരീഫും ചേർന്ന് നിഷാദിനെ മർദിക്കുകയായിരുന്നു. ഇവർ നിഷാദ് ബാബുവിനെ കല്ലുകൊണ്ടും മർദിച്ചതായി പൊലീസ് പറഞ്ഞു. മുഖത്ത് കല്ലുകൊണ്ടുള്ള മ‍ർദ്ദനത്തിൽ സാരമായ പരിക്കുകളുണ്ട്.

അടിപിടിയ്ക്ക് ഇടയിൽ നിഷാദ് നിലത്തു വീണു. ഇതോടെ, ശമീറും ഷരീഫും സ്ഥലം വിട്ടു. പിന്നീട് നിഷാദ് എഴുന്നേറ്റ് കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്തേക്കുള്ള ബസിൽ കയറിയെങ്കിലും കയറിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ബസ് ജീവനക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

Summary: argument over 20 rupees One person was killed in Wayanad