പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും പുലരുവോളം ആഘോഷം; ആർപ്പുവിളികളോടെ തെരുവിൽ ആഹ്ലാദ നൃത്തമാടി മേപ്പയ്യൂരിലെ അർജന്റീന ആരാധകർ



മേപ്പയ്യൂർ: മെക്സിക്കോയ്ക്കെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് മേപ്പയ്യൂരിലെ അർജന്റീന ആരാധകർ. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടും തെരുവിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം. പുലരുവോളം ആഘോഷം നീണ്ടുനിന്നു. മേപ്പയൂർ ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ.

രാത്രി പന്ത്രണ്ട് മണിയോടെ തന്നെ മത്സരം കാണാനുള്ള അർജന്റീന ആരാധകരെക്കൊണ്ട് മേപ്പയ്യൂർ ടൗൺ നിറഞ്ഞിരുന്നു. അർജന്റീനയുടെ പതാകകൾ വീശി ആർപ്പുവിളികളുമായാണ് ആരാധകർ കളി കാണാൻ എത്തിയത്. മത്സരത്തിന്റെ ആദ്യ പകുതി വിരസമായതോടെ ആർപ്പുവിളികൾ നിശബ്ദതയ്ക്ക് വഴിമാറി. പ്രതീക്ഷിക്കാവുന്ന നീക്കങ്ങളൊന്നുമില്ലാതെ ആദ്യ പകുതി പിന്നിട്ടതോടെ മത്സരം കൈവിട്ടു പോകുമോ എന്ന ആശങ്കകളാണ് ആരാധകർ പങ്കുവെച്ചത്.

രണ്ടാം പകുതി ആരംഭിച്ചതോടെ അർജന്റീനയുടെ നീക്കങ്ങൾക്ക് വേഗത കൂടി വന്നു. തുടരെ തുടരെയുള്ള ആക്രമണങ്ങൾ, പാറപോലെ ഉറച്ച മെക്സിക്കോയുടെ പ്രതിരോധക്കോട്ട. കൗണ്ടർ ആക്രമണങ്ങൾ. ഗോൾ ബാറിനു കീഴിൽ എമിലിയാനോ മാർട്ടീനസ് പറന്ന് പിടിച്ച ഒരു ഫ്രീക്കിക്ക് ശ്വാസമടക്കിപ്പിടിച്ചാണ് ആരാധകർ കണ്ടത്.

ക്ഷമയോടെ കളിമെനയാനാണ് അർജന്റീന ശ്രമിച്ചത്. എല്ലാം അവസാനിക്കുമോ എന്ന് കരുതി ശ്വാസമടക്കിപ്പിടിച്ചിരുന്ന ആരാധകർക്ക് മുന്നിൽ ആ നിമിഷമെത്തി. 64 ആം മിനുട്ടിൽ ഡിമറിയ നീട്ടി നൽകിയ പന്ത് ഇടങ്കാലുകൊണ്ട് നിയന്ത്രിച്ച് കൃത്യമായ വേഗതയോടെ 40 വാര അകലെ നിന്ന് മെസ്സി തൊടുത്ത നിലംപറ്റെയുള്ള ഒരു തകർപ്പൻ ഷോട്ട്, വായുവിൽ പറന്ന ഗോളി ഗില്ലർമോ ഒച്ചാവോയുടെ വിരൽ തുമ്പുകൾക്ക് തൊടാൻ നൽകാതെ വലയിലേക്ക് തുളച്ചു കയറി. നിശബ്ദത ആഘോഷങ്ങൾക്ക് വഴിമാറി. ആർപ്പുവിളികളോടെ ആഹ്ലാദ നൃത്തം ചവിട്ടിയാണ് ആരാധകർ മെസിയുടെ ഗോൾ ആഘോഷിച്ചത്.

തുടർന്നും അർജന്റീനയുടെ തുടർച്ചയായ നീക്കങ്ങൾ. തിരമാല കണക്കെ പ്രതിരോധം തീർത്ത മെക്സിക്കോയുടെ പ്രതിരോധക്കോട്ട ഭേദിച്ച് അർജന്റീനയുടെ രണ്ടാമത്തെ ഗോളുമെത്തി. 87 ആം മിനുട്ടിൽ മെസിയുടെ പാസിൽ എൽസോ ഫെർണാണ്ടസിന്റെ മനോഹരമായ ഗോൾ. പിന്നീട് ആഘോഷത്തിന്റെ നിമിഷങ്ങളായിരുന്നു.

അർജന്റീനയുടെ വിജയം പ്രതീക്ഷ നൽകുന്നതാണെന്നും അടുത്ത മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടക്കുമെന്നും അർജന്റീന ആരാധകനായ സുബീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മെസി ലോകകപ്പ് ഉയർത്തുന്നത് കാണാനാണ് കാത്തിരിക്കുന്നതെന്നും രണ്ട് മത്സരത്തിലും മെസി ഗോളടിച്ചത് പ്രതീക്ഷ നൽകുന്നതാണെന്നുമാണ് മറ്റൊരു അർജന്റീന ആരാധകനായ അരുൺ പ്രതികരിച്ചത്. നവംബർ 30 ന് പുലർച്ചെ നടക്കാനിരിക്കുന്ന പോളണ്ടുമായുള്ള നിർണ്ണായക മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകർ.

വീഡിയോ കാണാം:

 

Summary: argentina’s victory was celebrated by the fans in meppayur